വടക്കഞ്ചേരി: ഉദ്ഘാടനം കഴിഞ്ഞതിന്റെ പിറ്റേന്ന് സർക്കാരിന്റെ സൗജന്യ ആംബുലൻസ് ശ്യംഖലയായ 'കനിവ് 108' ആംബുലൻസിൽ ആദിവാസി യുവതിക്ക് സുഖപ്രസവം. നെന്മാറ അയിലൂർ കൽചാടികോളനിയിലെ രാജേഷിന്റെ ഭാര്യ ബീന (24) ആണ് വടക്കഞ്ചേരി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.
ഇന്നലെ രാവിലെ 8.45ന് ലഭിച്ച ഫോൺകോൾ പ്രകാരം വനത്തോട് ചേർന്നുള്ള കൽചാടി കോളനിയിലെത്തി ബീനയെയും കൊണ്ട് ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ടെങ്കിലും കരിമ്പാറ എത്തിയപ്പോഴേക്കും പ്രസവം നടന്നു. ഈ സമയം ആംബുലൻസിൽ ഉണ്ടായിരുന്ന എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ശില്പയുടെ നേതൃത്വത്തിൽ പ്രാഥമിക പരിചരണവും നൽകി.
തുടർന്ന് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം അമ്മയെയും കുഞ്ഞിനെയും ഇതേ ആംബുലൻസിൽ തന്നെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മാസം തികയാതെ പ്രസവിച്ചതിനാൽ കുഞ്ഞിന് ഭാരക്കുറവുണ്ട്. അതിനാലാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
വടക്കഞ്ചേരിയിൽ ആരംഭിച്ച 108 ആംബുലൻസിന്റെ ഉദ്ഘാടനം ശനിയാഴ്ചയാണ് മന്ത്രി എ.കെ.ബാലൻ നിർവഹിച്ചത്. വടക്കഞ്ചേരിയിലെ 30 കിലോമീറ്റർ ചുറ്റളവിൽ അത്യാവശ്യഘട്ടങ്ങളിൽ സൗജന്യമായാണ് ആംബുലൻസ് സർവീസ് നടത്തുന്നത്. 108 എന്ന നമ്പറിൽ വിളിച്ചാൽ ഉടൻ വാഹനം സ്ഥലത്തെത്തും.