പാലക്കാട്: ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായെത്തിയ കൊലക്കേസ് പ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. രണ്ടുമണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ പ്രതിയെ കൊടുമ്പിൽ നിന്നും പിടികൂടി. കൊല്ലങ്കോട് കാമ്പ്രത്ത്ചള്ള മണികണ്ഠൻ(34) ആണ്
.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കൊല്ലങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മാർച്ചിൽ നടന്ന കവിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മണികണ്ഠൻ പിടിയിലായത്. മണികണ്ഠന്റെ കൂടെ പണിയെടുക്കുന്ന കവിതയെ പണം ചോദിച്ച് നൽകാത്തതിന്റെ ദേഷ്യത്തിന് കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണ് കേസ്. അറസ്റ്റിലായ പ്രതി റിമാൻഡിൽ കഴിയുകയാണ്. ചികിത്സയ്ക്കായി ഇന്നലെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ തിരക്കിനിടെ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
സംഭവമറിഞ്ഞ് പൊലീസ് നഗരം മുഴുവൻ അരിച്ചുപെറുക്കി. ഇതിനിടെ റോഡിലൂടെ നടന്നുപോയ മണികണ്ഠനെ കൊല്ലങ്കോട് പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എസ്.റിനാസ് കൊടുമ്പിൽവെച്ച് കണ്ട് സംശയം തോന്നി തടഞ്ഞുനിർത്തി. മൊബൈലിൽ ചിത്രം പകർത്തി പൊലീസ് സ്‌റ്റേഷനിലേക്ക് അയച്ചുകൊടുത്ത് ഉറപ്പുവരുത്തിയതിന്റെ അടിസ്ഥാനത്തിൽ ടൗൺ സൗത്ത് പൊലീസ് സ്ഥലത്തെത്തി മണികണ്ഠനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും ചാടി പോയതിന് മണികണ്ഠനെതിരെ സൗത്ത് പൊലീസ് കേസെടുത്തു.