ശ്രീകൃഷ്ണപുരം: വെള്ളിനേഴിയിലെ തിരുനാരായണപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോക്ടറില്ലാതെ രോഗികൾ വലയുന്നു. അടിയന്തര ചികിത്സതേടിയെത്തുന്ന രോഗികൾ പോലും ചികിത്സകിട്ടാതെ മടങ്ങേണ്ട സ്ഥിതിയാണുള്ളത്. ഒരുഭാഗത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുമ്പോഴാണ് മറുഭാഗത്ത് ഈ ദുരവസ്ഥ.
കഴിഞ്ഞദിവസം തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ സ്ത്രീയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടറില്ലാത്തതിനാൽ ശ്രീകൃഷ്ണപുരം കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
മിക്ക ദിവസങ്ങളിലും ആശുപത്രിയിൽ ഡോക്ടറുടെ സേവനം ഉണ്ടാകാറില്ല. ഒരു നേഴ്‌സ് മാത്രമാണുള്ളത്. നിലവിലുണ്ടായിരുന്ന ഡോക്ടർ പരിശീലനത്തിനായി ആറുമാസമായി ലീവിൽ പ്രവേശിച്ചിരിക്കുകയാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. വെള്ളിനേഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്കാണ് അധികചുമതല. എന്നാൽ, ഈ ഡോക്ടറും മിക്ക ദിവസങ്ങളിലും കുത്തിവയ്പ്പുമായി ബന്ധപ്പെട്ട് പുറത്തുപോകുന്നതിനാൽ ആശുപത്രിയിൽ എത്താറില്ലെന്ന് നാട്ടുകാർ പറയുന്നു. ദിവസേന നൂറോളം രോഗികളാണ് ആശുപത്രിയിൽ ചികിത്സക്കായി എത്തുന്നത്.
കൂടാതെ അടിസ്ഥാന സൗകര്യങ്ങൾ തീരെ ഇല്ലാത്ത ആശുപത്രിയെ കുടുംബ ആരോഗ്യകേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി എൻ.ആർ.എച്ച്.എം ഫണ്ട് ഉപയോഗിച്ച് കെട്ടിടനിർമ്മാണം ആരംഭിച്ചെങ്കിലും ആറു മാസമായി അതിന്റെ പണിയും നിർത്തിവച്ചിരിക്കുകയാണ്. ഫണ്ട് ഇല്ലാത്തതാണ് പ്രവർത്തനം മുടങ്ങാൻ കാരണമെന്നാണ് കരാറുകാരന്റെ മറുപടി.