പട്ടാമ്പി: സംസ്‌കൃത-വ്യാകരണ പണ്ഡിതനും അദ്ധ്യാപകനുമായിരുന്ന കെ.പി. അച്യുത പിഷാരടി (108) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ 3.20നായിരുന്നു അന്ത്യം. പണ്ഡിതരാജൻ പുന്നശ്ശേരി നമ്പി നീലകണ്ഠശർമയുടെ ശിഷ്യരിലെ അവസാന കണ്ണിയാണ് അച്യുത പിഷാരടി.
1911ൽ കൊടിക്കുന്ന് പിഷാരത്ത് നാരായണിക്കുട്ടി പിഷാരസ്യാരുടെയും ശുകപുരം പുതുശ്ശേരിമന പശുപതി ഓതിക്കൻ നമ്പൂതിരിയുടെയും മകനായാണ് ജനനം.
ജ്യേഷ്ഠൻ നാരായണ പിഷാരടിയാണ് ആദ്യഗുരു. അദ്ദേഹത്തിന്റെ കീഴിലെ പഠനത്തിനുശേഷമാണ് പുന്നശ്ശേരി നമ്പിയുടെ സാരസ്വതോദ്യോതിനി സംസ്‌കൃത പാഠശാലയിൽ നാലുവർഷത്തോളം പഠിച്ച് സാഹിത്യശിരോമണി ജയിച്ചത്.
ഇതിനുശേഷം 1939 ൽ തൃപ്രയാർ പെരിങ്ങോട്ടുകര സ്‌കൂളിൽ സംസ്‌കൃതാദ്ധ്യാപകനായി.
അവിവാഹിതനാണ്. 2001ൽ സാമൂതിരിരാജാവിൽ നിന്ന് ദേവീപുരസ്‌കാരം ലഭിച്ചു.
2012ൽ വിശ്വസംസ്‌കൃത പ്രതിഷ്ഠാൻ 'പണ്ഡിതരത്നം' ബഹുമതിനൽകി ആദരിച്ചു. ശ്രീശങ്കരാചാര്യമഠം ആചാര്യ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്. ഒളപ്പമണ്ണ പുരസ്‌കാരം, രേവതി പട്ടത്താനം എന്നിവയും ലഭിച്ചിട്ടുണ്ട്.
എഴുപതാം വയസിൽ ഔദ്യോഗിക അദ്ധ്യാപനം നിറുത്തിയശേഷം പിഷാരത്ത് തറവാട് തന്നെയായിരുന്നു പാഠശാല. തിങ്കളാഴ്ച 11ന് തൃശൂരിൽ നിന്ന് മൃതദേഹം കൊടിക്കുന്ന് പിഷാരത്ത് തറവാട്ടിലെത്തിച്ചു. തുടർന്ന് പൊതുദർശനത്തിന് വച്ചശേഷം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.