പറമ്പിക്കുളം: ആദിവാസി വിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ പഞ്ചായത്ത് സെക്രട്ടറിമാർക്ക് വീഴ്ചസംഭവിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ്. പറമ്പിക്കുളം മേഖലയിലെ ആദിവാസിവിഭാഗങ്ങൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് നേരിട്ട് മനസിലാക്കുന്നതിന് പറമ്പിക്കുളം നേച്ചർ സ്റ്റഡി ഹാളിൽ മനുഷ്യാവകാശ കമ്മിഷൻ സംഘടിപ്പിച്ച ആദിവാസി ഉദ്യോഗസ്ഥ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലൈഫ് മിഷൻ, തൊഴിലുറപ്പ് തുടങ്ങിയ പദ്ധതികൾ ആദിവാസി വിഭാഗങ്ങൾക്ക് അനുകൂലമായ വിധത്തിൽ ആസൂത്രണം ചെയ്ത് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ ഉറപ്പാക്കണം.

ആദിവാസി മേഖലയിലെ പുതിയവീടുകൾ, ഭൂമിയുടെ അപര്യാപ്തത, റോഡ്, കുടിവെള്ളം, വൈദ്യുതി, വിദ്യാഭ്യാസ സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്. ലൈഫ് മിഷൻ പ്രകാരം നിർമ്മിക്കുന്ന വീടുകൾക്ക് കൂടുതൽ ധനസഹായം നൽകുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തും. പറമ്പിക്കുളത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കണം, മൊബൈൽ കണകിവിറ്റി ഉറപ്പാക്കണം. ഇന്റർനെറ്റ് ലഭ്യമാക്കണം. പറമ്പിക്കുളത്തേക്ക് ഒരു കെ.എസ്.ആർ.ടി.സി സർവീസ് കൂടി ആരംഭിക്കാമെന്ന് കോർപ്പറേഷൻ യോഗത്തിൽ ഉറപ്പുനൽകി. കോളനികളിലേക്കുള്ള റോഡുകൾ നവീകരിക്കാൻ തദ്ദേശ സ്വയംഭരണം, റവന്യു, എം എൽ എ, എം പി ഫണ്ടുകൾ പ്രയോജനപ്പെടുത്തണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

വനാവകാശ നിയമ പ്രകാരം ആദിവാസികൾക്ക് ഭൂമി അളന്ന് നൽകിയിട്ടുണ്ടെങ്കിലും ഭൂമിയുടെ അളവ് തീരെ കുറവാണ്. ഇത് വർധിപ്പിക്കണമെന്ന് ഊരുമൂപ്പൻമാർ ആവശ്യപ്പെട്ടു. ഇപ്പോൾ രണ്ടും മൂന്നും സെന്റ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ആദിവാസികൾക്ക് കൂടിശിക കിട്ടാനുണ്ട്. ആദിവാസികളിൽ നിന്നും തൊഴിൽ ആവശ്യം ഉയരുമ്പോൾ തന്നെ തൊഴിൽ നൽകണമെന്ന കമ്മിഷൻ നിർദ്ദേശം അംഗീകരിക്കാമെന്ന് തൊഴിലുറപ്പ് പദധതിയുടെ ജോയിന്റ് പ്രോജക്ട് കോ ഓർഡിനേറ്ററും ഉറപ്പുനൽകി. യോഗത്തിന്റെ റിപ്പോർട്ട് കമ്മിഷൻ സർക്കാരിന് നൽകും.

പാലക്കാട് ആർ.ഡി. ഒ, ജില്ലാ പ്ലാനിംഗ് ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ, പഞ്ചായത്ത് ഉപഡയറക്ടർ, വിവിധ വകുപ്പുകളിലുള്ള ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ആദിവാസി ഊരുമൂപ്പൻമാരും അവരുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.