ചിറ്റൂർ: പ്രതിദിനം ആയിരക്കണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്കായി കയറിയിറങ്ങുന്ന മിനിസിവിൽ സ്റ്റേഷൻ കണ്ടാൽ തോന്നും കാടിനുള്ളിലാണ് പ്രവർത്തിക്കുന്നതെന്ന്. സിവിൽ സ്റ്റേഷനകത്ത് താലൂക്ക് ഓഫീസും കോടതിയും സ്ഥിതിചെയ്യുന്ന ഭാഗത്താണ് കൂടുതൽ ചെടികൾ വളർന്നുനിൽക്കുന്നത്. മാസങ്ങളായിട്ടും ഇതൊന്നും വൃത്തിയാക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
വിവിധ കേസുകളിലായി പിടികൂടിയ നിരവധി വാഹനങ്ങൾ മാസങ്ങൾക്ക് മുമ്പുവരെ നിർത്തിയിട്ടിരുന്നത് മിനിസിവിൽ സ്റ്റേഷന് പുറകിലെ എക്‌സൈസ് ഓഫീസിന് സമീപമായിരുന്നു. പുതിയ കെട്ടിട നിർമ്മാണത്തോടനുബന്ധിച്ച് തുരുമ്പെടുത്ത വാഹനങ്ങൾ തൊട്ടുപുറകിലുള്ള പൊളിഞ്ഞ പൊലീസ് ക്വാർട്ടേഴ്‌സിന് മുന്നിലേക്ക് മാറ്റിയിട്ട് കുറച്ച് നാളുകളേ ആയിട്ടുള്ളു. ഈ പരിസരവും മുഴുവൻ കാടുപിടിച്ച് കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും വർദ്ധിച്ചതായി നാട്ടുകാർ പറയുന്നു. താലൂക്ക് ഓഫീസിന്റെ പരിസരങ്ങളിലെ സ്ഥിതിയും ഒട്ടും മോശമല്ല. തഹസിൽദാറുടെ ഒാഫീസിന് പുറകിലായുള്ള ശൗചാലയത്തിന്റെ പരിസരവും കാടുകയറിയ നിലയിലാണ്.
വയനാട് സ്കൂൾ വിദ്യാർത്ഥി ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സാഹചര്യത്തിൽ സിവിൽ സ്റ്റേഷൻ കോമ്പൗണ്ട് അടിയന്തരമായി വൃത്തിയാക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.