മണ്ണാർക്കാട്: കുമരംപുത്തൂർ, തെങ്കര എന്നിവടങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ ആരോഗ്യവകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ക്യാമ്പുകൾക്ക് നോട്ടീസ് നൽകി. തേനംമൂച്ചി ഹംസ, ബാലൻ മെഴുകമ്പാറ എന്നിവർക്കാണ് അധികൃതർ നോട്ടീസ് നൽകിയത്.

ആട്ടിൻ കൂടിനു സമാനമാണ് ക്യാമ്പുകളിലെ അവസ്ഥയെന്ന് പറഞ്ഞ അധികൃതർ

ആവശ്യത്തിന് കാറ്റും വെളിച്ചവും കടക്കാത്ത കുടുസുമുറികളിൽ 6-10 പേരാണ് താമസിക്കുന്നതെന്നും വ്യക്തമാക്കി. തെങ്കര ചെക്ക് പോസ്റ്റിന് സമീപം തേനമൂച്ചി ഹംസയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ 100 ചതുരശ്ര അടിയിൽ താഴെമാത്രം വിസ്തീർണമുള്ള മുറിയിൽ ഏഴുപേർ തമാസിക്കുന്നതായി കണ്ടെത്തി. ഇങ്ങനെ താമസിക്കുന്ന തൊഴിലാളികളിൽ നിന്നു 600 മുതൽ 1000 രൂപ വരെയാണ് ഉടമകൾ വാടക ഈടാക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ഹെൽത്ത് ഇൻസ്‌പെക്ടർ ടോംസ് വർഗീസ്, ഗോപാലകൃഷ്ണൻ, കെ.സുരേഷ്, രാമപ്രസാദ്, ഡാർണർ, മണികണ്ഠൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.