പാലക്കാട്: കോർട്ട് റോഡിൽ നിർമ്മാണത്തിലുള്ള അനധികൃത കെട്ടിടം പൊളിച്ചുനീക്കാൻ നഗരസഭയോഗം തീരുമാനം. നഗരസഭനോട്ടീസ് നൽകിയിട്ടും ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് കെട്ടിടം നിർമ്മിച്ചുവരുന്നതെന്ന് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾഷുക്കൂർ കുറ്റപ്പെടുത്തി. അനധികൃത കെട്ടിടത്തിന് ഒത്താശ നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അംഗങ്ങൾ ഉന്നയിച്ചു.

ഭരണ - പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ യോഗത്തിൽ ഈ വിഷയത്തിൽ ചൂടേറിയ വാഗ്വാദം നടന്നതോടെ പൊതുവികാരം മാനിച്ച് കെട്ടിടം പൊളിച്ചുനീക്കുന്നതിനു പുറമെ അനധികൃത കെട്ടിട ലോബികൾക്കു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താനും യോഗം തീരുമാനിക്കുകയായിരുന്നു.

അന്വേഷണ റിപ്പോർട്ട് അടുത്ത കൗൺസിൽ യോഗം ചർച്ച ചെയ്യും. ക്ഷേമപെൻഷന് ബയോമെട്രിക് പരിശോധനയിൽ നിന്ന് നഗരസഭയെ ഒഴിവാക്കണമെന്നാവശ്യം സർക്കാറിനോട് ആവശ്യപ്പെടാൻ സി.പി.എം അംഗങ്ങളുടെ വിയോജിപ്പോടെ കൗൺസിൽ യോഗം തീരുമാനിച്ചു. അക്ഷയക്ക് മുന്നിൽ പ്രായമേറിയവർ അനുഭവിക്കുന്ന ദുരിതം ഓർത്താണ് ഇത്തരമൊരു തീരുമാനമെടുക്കാൻ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങളെ പ്രേരിപ്പിച്ചത്. കൗൺസിൽ യോഗത്തിനുള്ള അറിയിപ്പ് നോട്ടീസ് വൈകി കിട്ടുന്നത് സംബന്ധിച്ച് യു.ഡി.എഫ് അംഗങ്ങൾ ആക്ഷേപം ഉന്നയിച്ചപ്പോൾ ചെയർപേഴ്‌സൺ ഖേദം പ്രകടനം നടത്തുകയും ചെയ്തു.