പാലക്കാട്: വള്ളിക്കുട്ടിയമ്മ ഇനി ഒറ്റയ്ക്കല്ല, ഇനി കുടുംബശ്രീയുണ്ടാകും കൂടെ. 'ആരും ഒറ്റയ്ക്കല്ല, സമൂഹം കൂടെയുണ്ട്' എന്ന ആശയവുമായി കുടുംബശ്രീ നടത്തുന്ന സ്‌നേഹിത കോളിംഗ് ബെൽ വാരാചാരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരിയുടെ നേതൃത്വത്തിൽ സ്‌നേഹിത കോളിംഗ് ബെൽ സംഘം കഴിഞ്ഞദിവസം വള്ളിക്കുട്ടിയമ്മയെ സന്ദർശിച്ചു.

പാലക്കാട് നഗരസഭ 28-ാം വാർഡിലെ ഒറ്റമുറി കുടിലിൽ കഴിയുന്ന ഈ 69കാരിക്ക് അന്തിയുറങ്ങാൻ ഒരു വീട് നിർമ്മിക്കാനാവശ്യമായ സഹായങ്ങൾ ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 40 വർഷം മുമ്പ് ഭർത്താവ് മരണപ്പെട്ടതോടെയാണ് വള്ളിക്കുള്ളി ജീവിതത്തിൽ ഒറ്റപ്പെട്ടുപോയത്. ഒരു മകൾ നേരത്തെ മരിച്ചു. ഹൃദ്രോഗിയായ മകനും കുടുംബവും ഇപ്പോൾ വേറെയാണ് താമസം. ഈ പ്രായത്തിലും വീട്ടു ജോലികൾ ചെയ്താണ് വള്ളിക്കുട്ടിയമ്മ ജീവിത ചെലവിനുള്ളത് കണ്ടെത്തുന്നത്. സ്‌നേഹിത കോളിംഗ് ബെൽ പദ്ധതിയിലൂടെ ഇവർക്കാവശ്യമായ എല്ലാവിധ സേവനങ്ങളും ഇനി കുടുംബശ്രീ ലഭ്യമാകും. നൂറ് വയസിനടുത്ത് പ്രായമായ കുഞ്ചിയമ്മയെയും സംഘം സന്ദർശിച്ചു. അവിടെവച്ചു ചേർന്ന അയൽക്കൂട്ട യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വാർഡ് കൗൺസിലർ സുജാത, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ ഹാരിഫാ ബീഗം, സി.ഡി.എസ്.ചെയർ പേഴ്‌സൺ സഫിയാമ്മ , ജില്ലാ ജെന്റർ പ്രോഗ്രാം മാനേജർ ജംഷീന, അനുപമ, രേഷ്മ, ജാനകിക്കുട്ടി, ശബാന യാസ്മിൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

 സ്‌നേഹിത കോളിങ് ബെൽ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 88 പഞ്ചായത്തുകളിലും ഏഴ് മുനിസിപ്പാലിറ്റികളിലുമായി 8294 സ്വീകർത്താക്കളെ പ്രത്യേക സർവേ വഴി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്