പാലക്കാട്: സംസ്ഥാനത്ത് പച്ചക്കറികൾക്ക് തീ വില. ഉത്തരേന്ത്യയിലെ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് സംസ്ഥാനത്തേക്കുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് കുത്തനെയുള്ള ഈ വിലകയറ്റത്തിന് കാരണം. നിലവിൽ കിലോയ്ക്ക് 220 - 280 രൂപവരെ വിലയുള്ള വെളുത്തുള്ളി അടുത്തയാഴ്ചയാകുമ്പോൾ 300 കടക്കുമോ എന്ന ആശങ്കയിലാണ് ജനം. ഇതിനുപുറമേയാണ് ചെറിയുള്ളി വില പിടികൊടുക്കാതെ കുതിക്കുന്നത്. കിലോയ്ക്ക് 120 രൂപയാണ് ചെറിയുള്ളിയുടെ വില. സവാളയ്ക്ക് 90 രൂപയും. ആന്ധ്ര, നാസിക്ക്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും എത്താറുള്ള ഉള്ളിയുടെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

ഒരുമാസംമുമ്പ് ഉത്തരേന്ത്യയിലുണ്ടായ കനത്ത മഴയിലും ചുഴലിക്കാറ്റിലും വ്യാപക കൃഷിനാശം സംഭവിച്ചതായാണ് റിപ്പോർട്ട്. ഇത് സംസ്ഥാനത്തേക്കുള്ള പച്ചക്കറി വരവിനെയും ബാധിച്ചു. സാധാരണ വരാറുള്ള നാലിനൊന്ന് ലോഡുകൾ മാത്രമേ ഇപ്പോൾ പാലക്കാട് വലിയങ്ങാടിയിലേക്ക് എത്തുന്നുള്ളുവെന്ന് പച്ചക്കറി വ്യാപാരികൾ പറയുന്നു. രണ്ടര മാസം മുമ്പ് വിളവെടുത്ത സവാളയും ചെറിയുള്ളിയുമാണ് ഇപ്പോഴെത്തുന്നത്. ഈ വിലക്കയറ്റം ഡിസംബർ മാസത്തിലും തുടരുമെന്നാണ് വ്യാപാരികൾ പറയുന്നത്.

ഒക്ടോബറിൽ കിലോയ്ക്ക് 50 രൂപയായിരുന്ന സവാളവിലയാണ് തൊട്ടടുത്ത മാസം 90 രൂപയിലെത്തിയത്. ഒരാഴ്ചയ്ക്കിടെ കൂടിയത് 15 രൂപ. കഴിഞ്ഞയാഴ്ച 68 രൂപയായിരുന്ന ചെറിയുള്ളിക്ക് ഇപ്പോൾ വില 120 രൂപയാണ്. 52 രൂപയുടെ വർദ്ധനവുണ്ടായി. മണ്ഡലകാലം ആരംഭിച്ചതോടെ മറ്റു പച്ചക്കറികൾക്കും ആഞ്ചു രൂപ മുതൽ പത്തുരൂപ വരെ വിലവർദ്ധനവുണ്ടായിട്ടുണ്ട്. ഇത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിനെ സാരമായി ബാധിക്കും.

 പച്ചക്കറി കിറ്റുകളുടെ വില്പനയില്ല

നഗരങ്ങളിലും ഗ്രാമീണ പ്രദേശങ്ങളിലും പച്ചക്കറി കിറ്റുകളുടെ വില്പന നാമം മാത്രമായി കുറഞ്ഞു. 100 രൂപയ്ക്ക് സമ്പാറിലേക്കും മറ്റു കറികളിലിടാനുമുള്ള സകല പച്ചക്കറികളും ലഭ്യമായിരുന്നു. ഇപ്പോൾ അളവിലും എണ്ണത്തിലും വലിയ വ്യത്യാസമുള്ളതായി ഉപഭോക്താക്കൾ പറയുന്നു. വില വർദ്ധിച്ചതിനാൽ പാതയോരത്തെ പച്ചക്കറികിറ്റ് വില്പന നഷ്ടമാണെന്നും തൂക്കി വില്പനയല്ലാതെ മറ്റു മാർഗങ്ങളിലെന്നും വ്യാപാരികൾ പറയുന്നു.

വിലവിവരം

പച്ചക്കറി - വില കിലോയിൽ

ചെറിയുള്ളി - 120

സവാള - 90

ഉരുളക്കിഴങ്ങ് - 45

തക്കാളി - 36

വഴുതന - 32

ക്യാരറ്റ് - 58

ചേന - 26

ചേമ്പ് - 55

ബീട്ട്റൂട്ട് - 50

ബീൻസ് - 30

കൊത്തമര - 30

മുരിങ്ങക്കായ - 215

ഇളവൻ - 27

പച്ചമുളക് - 30