ചിറ്റൂർ: കിഴക്കൻ മേഖലയിൽ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം കാറ്റിൽപ്പറത്തി നെൽപ്പാടങ്ങൾ പരിവർത്തനപ്പെടുത്തി മറ്റുകൃഷികൾ ചെയ്യുന്നത് വ്യാപകം. നെൽപ്പാടങ്ങളിൽ മറ്റ് കൃഷികൾ ചെയ്യുകയാണെങ്കിൽ ഒരു വർഷത്തിനകം പൂർത്തിയാവുന്ന പച്ചക്കറിയോ വാഴയോ മാത്രമേ കൃഷി ചെയ്യാൻ പാടുള്ളു എന്നാണ് നിയമം. പക്ഷേ, ചിറ്റൂർ മേഖലയിൽ തെങ്ങ്, മാവ്, കവുങ്ങ് മുതലായവയാണ് നെൽവയൽ നികത്തി കൃഷിചെയ്യുന്നത്. ഇത്തരത്തിലുള്ള കൃഷിരീതി മൂലം ജലസേചന സൗകര്യം ഇല്ലാതാവുന്നതായും നെൽകൃഷി ചെയ്യുന്ന മറ്റ് കർഷകർക്ക് ഇത് തിരിച്ചടിയാകുന്നുണ്ടെന്നും പരാതിയുണ്ട്.

നെൽപ്പാടങ്ങൾ പരിവർത്തനപ്പെടുത്തലിനെതിരെ പരാതി ലഭിച്ചാൽ പേരിനൊരു അന്വേഷണം നടത്തി റിപ്പോർട്ട് ആർ.ഡി.ഒയ്ക്ക് സമർപ്പിക്കുന്നതൊഴിച്ചാൽ മറ്റൊരു നടപടിയും കൃഷി വകുപ്പോ വില്ലേജ് അധികൃതരോ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. പലപ്പോഴും ഇത്തരം കേസുകൾ ആർ.ഡി.ഒ ഓഫീസുകളിൽ പരിഗണിക്കാതെ കിടക്കുകയാണ് പതിവ്.
നിയമ ലംഘനം നടത്തുന്നവർക്ക് നോട്ടീസ് നൽകുകയും ജലസേചനം തടസപ്പെട്ട നെൽകർഷകർക്ക് ജലസേചന സൗകര്യമൊരുക്കിക്കൊടുക്കേണ്ടതും കൃഷി വകുപ്പിന്റെ ചുമതലയാണ്. എന്നാൽ ഇതൊന്നും ചെയ്യാതെ മേലധികാരികൾക്ക് റിപ്പോർട്ട് നൽകുക മാത്രമാണ് അധികൃതർ ചെയ്യുന്നത്. ഇത് മൂലം ഏറെ ബുദ്ധിമുട്ടിലാവുന്നത് സമീപത്തെ മറ്റ് നെൽകർഷകരാണ്.

ചിറ്റൂർ മേഖലയിലെ നല്ലേപ്പിള്ളി, പൊൽപ്പുള്ളി പഞ്ചായത്തുകളിലാണ് ഇത്തരത്തിൽ വ്യാപകമായി നെൽവയൽ പരിവർത്തനപ്പെടുത്തി മറ്റ് കൃഷികൾ ചെയ്യുന്നത്. പരാതി ലഭിച്ച് വർഷങ്ങളായിട്ടും അധികൃതരുടെ ഭാഗത്തുനിന്നുള്ള നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ് ചെയ്യുന്നത്. എത്ര നെൽപ്പാടങ്ങൾ ഇത്തരത്തിൽ നികത്തുകയോ പരിവർത്തനപ്പെടുത്തുകയോ ചെയ്‌തെന്നതിനെക്കുറിച്ച് യാതൊരു കണക്കും വില്ലേജ്, കൃഷി വകുപ്പ് അധികൃതരുടെ കയ്യിലില്ല. മറ്റ് കൃഷികൾ ചെയ്യുമ്പോഴും നെൽകൃഷിയുടെ എല്ലാ ആനുകൂല്യങ്ങളും ഇവർക്കും ലഭിക്കുന്നുമുണ്ട്.


ചിത്രം: നല്ലേപ്പിള്ളിയിലെ വണ്ടിത്തോടിന് സമീപം നെൽപ്പാടത്ത് തെങ്ങ് കൃഷി ചെയ്ത സ്ഥലം