പാലക്കാട്: പറമ്പിക്കുളത്ത് തൊഴിലുറപ്പ് തൊഴിലാളിക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു. പറമ്പിക്കുളം കച്ചിത്തോട് കോളനിയിലെ അയ്യപ്പനാണ് (45) പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്.
ചൊവ്വാഴ്ച കച്ചിത്തോട് കോളനിയിൽ നിന്നും മുതലമട പഞ്ചായത്തിലേക്ക് കാനനപാതയിലൂടെ നടന്നെത്തി തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂൺവാങ്ങി വൈകീട്ടോടെ കോളനിയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. മടക്കയാത്രയിൽ സുങ്കം കോളനി എത്തുന്നതിന് മുമ്പ് കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അയ്യപ്പനെ കാട്ടാന ആക്രമിച്ചതായി പറയുന്നു.
മൊബൈൽ ഫോണിനു റെയിഞ്ചില്ലാത്തതിനാൽ ബന്ധപ്പെട്ടവരേയോ വനം വകുപ്പിനേയോ അറിയിക്കാൻ കഴിഞ്ഞില്ല. രാത്രി മുഴുവൻ കാട്ടാനയുടെ ആക്രമണംഭയന്ന് പാറയിടുക്കിൽ കഴിഞ്ഞു. നേരം പുലർതോടെ കാട്ടാന സമീപത്ത് ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് സുങ്കം റെയിഞ്ച് വനം വകുപ്പ് ഓഫീസിലെത്തി വിവരം അറിയിച്ചത്.
തുടർന്ന് വനം വകുപ്പിന്റെ ജീപ്പിലാണ് അയ്യപ്പനെ ജില്ലാ ആശുപത്രിയിൽ ഉച്ചയോടെ എത്തിച്ചത്. പറമ്പിക്കുളം ഭാഗത്തേക്ക് പോകാൻ കേരളത്തിലൂടെ പാതയില്ലാത്തതിനാൽ തമിഴ്‌നാട്ടിൽ എത്തി വേണം പോകാൻ. കേരളത്തിലൂടെ പറമ്പിക്കുളത്തേക്കുള്ള വഴി ഇപ്പോഴും സ്വപ്ന പദ്ധതിയായി അവശേഷിക്കുന്നു.