പഞ്ചായത്ത് പ്രസിഡന്റ് സ്ഥലം സന്ദർശിച്ചു
ചെർപ്പുളശ്ശേരി: വല്ലപ്പുഴ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ചെറുകോട് മുളച്ചാംകുഴി ഭാഗത്ത് തുടങ്ങുന്ന കരിങ്കൽ ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ജനവാസ മേഖലയായ ഇവിടെ ക്വാറി തുടങ്ങുന്നത് ജീവനും സ്വത്തിനും ഭീഷണിയാകുമെന്നാണ് നാട്ടുകാരുടെ പരാതി. തെറ്റായ വിവരങ്ങൾ നൽകിയാണ് ക്വാറി ഉടമകൾ ഉദ്യോഗസ്ഥരിൽ നിന്നും
അനുമതി വാങ്ങിയതെന്നും നാട്ടുകാർ ആരോപിക്കുന്നു.
ക്വാറിക്കെതിരെ നാട്ടുകാർ പഞ്ചായത്തിൽ നൽകിയ പരാതിയെ തുടർന്ന് പ്രസിഡന്റ് എൻ.നന്ദവിലാസി കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു. പ്രദേശത്ത് ക്വാറി വന്നാലുണ്ടാകുന്ന ദുരിതം ജനങ്ങൾ പ്രസിഡന്റിനെ ബോധിപ്പിച്ചു. അമ്പതോളം കുടുംബങ്ങൾ താമസിക്കുന്ന ഇവിടേക്ക് പഞ്ചായത്ത് നിർമ്മിച്ചു നൽകിയ ചെറിയ റോഡാണ് ക്വാറിയിലേക്ക് ഗതാഗതത്തിന് അനുവദിച്ചു നൽകിയിരിക്കുന്നത്. ഇത് ആളുകൾക്ക് വലിയ ദുരിതമായി മാറുമെന്നും നാട്ടുകാർ പ്രസിഡന്റിനോട് പറഞ്ഞു.
ക്വാറിക്കെതിരെ പരിസ്ഥിതി, മലിനീകരണ നിയന്ത്രണ വിഭാഗം, ജില്ലാ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, ജില്ലാ കളക്ടർ, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ 170ളം പേർ ഒപ്പിട്ട പരാതി നൽകിയിരുന്നതായും ഇത് പരിഗണിക്കാതെയാണ് ബന്ധപ്പെട്ടവർ അനുമതി നൽകിയിരിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു.
പ്രശ്‌നത്തിൽ ജനങ്ങളുടെ കൂടെയാണ് പഞ്ചായത്തെന്നും അനുമതി നൽകിയതിൽ പാകപ്പിഴകളുണ്ടെങ്കിൽ പരിശോധിക്കുമെന്നും പ്രസിഡന്റ് എൻ.നന്ദവിലാസിനി പറഞ്ഞു.
എന്നാൽ എല്ലാ നിയമങ്ങളും പാലിച്ചാണ് ക്വാറി പ്രവർത്തനം തുടങ്ങുന്നതെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു ക്വാറി ഉടമയുടെ പ്രതികരണം.
ഫോട്ടോ: പ്രസിഡന്റ് സ്ഥലം സന്ദർശിക്കുന്നു.