പാലക്കാട്: കുളപ്പുള്ളി സംസ്ഥാനപാതയിൽ നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി കാൽനടയാത്രക്കാരിയായ വീട്ടമ്മ മരിച്ചു. കുറിശ്ശാംകുളം വട്ടേക്കാട്ടിൽ മുഹമ്മദ് ഹനീഫയുടെ ഭാര്യ സീനത്ത് (48) ആണ് മരിച്ചത്. മദ്രസയിലേക്ക് പോവുകയായിരുന്ന കുട്ടികൾ ഉൾപ്പെടെ എട്ടോളം പേർക്ക് പരിക്കേറ്റു. മദ്രസയിലേക്ക് പോകുന്ന കുട്ടികളും പ്രഭാത സവാരിക്കിറങ്ങിയവരുമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ ആറരയോടെ മേപ്പറമ്പ് കുറിശ്ശാംകുളത്തിന് സമീപമാണ് അപകടം.
ഗുരുതരമായി പരുക്കേറ്റ ഇല്യാസിനെ കോവൈ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുകുട്ടികളടക്കം മറ്റുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മദ്രസയിലേക്ക് കുട്ടികളെ കൊണ്ടുപോകുകയായിരുന്ന ഓട്ടോ ഡ്രൈവർ ഉമർ ഫാറൂക് (38), ഓട്ടോയിലുണ്ടായിരുന്ന റസൽ (8), ഷഹീം (12), സന ഫാത്തിമ (6), മുസാഫിർ (8), മത്സ്യ വിൽപ്പനക്കാരൻ ഫർമാനുള്ള (48), അഷറഫ് (23) എന്നിവരാണ് ജില്ല ആശുപത്രിയിലുള്ളത്.
കല്ലേക്കാട് ഭാഗത്ത് നിന്നും അമിവേഗതയിൽ വന്ന കാറാണ് അപകടമുണ്ടാക്കിയത്. കാൽനടയാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ കാർ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും മോട്ടോർ സൈക്കിളിലുമിടിച്ചു. റോഡരികിൽ മത്സ്യം വിൽപ്പന നടത്തുന്നയാളിൽ നിന്നും മത്സ്യം വാങ്ങി പോവുകയായിരുന്നു മരിച്ച സീനത്ത്. റോഡരികിൽ നിൽക്കുകയായിരുന്ന അഷറഫ്, ഇല്യാസ് എന്നിവരെയും കാറിടിച്ചു.
അമിത വേഗതയിൽ വന്ന കാർ ഓട്ടോയിലിടിച്ചാണ് നിന്നതെന്ന് പറയുന്നു. കാർ ഡ്രൈവർ പാലക്കാട് സ്വദേശി ഹാറൂണിലെ ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ ഉറങ്ങിപോയതാവാം അപകടത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.