nagarasaba

പാലക്കാട്: നഗരസഭയുടെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കോർട്ട് റോഡിൽ നടക്കുന്ന അഴുക്കാൽചാൽ നവീകരണം ഗതാഗതകുരുക്കിന് കാരണമാകുന്നു. പകൽസമയങ്ങളിൽ വലിയ തിരക്കനുഭവപ്പെടുന്ന ഇവിടെ നവീകരണ ജോലികൾ കൂടി നടക്കുന്നതിനാൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. കാൽനടയാത്രക്കാർക്ക് നടക്കാൻ ഇടമില്ലാത്ത അവസ്ഥയാണ്. റോഡ് മുറിച്ചുകടക്കാനും യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്ന സ്ഥിതിയുണ്ട്.

സുൽത്താൻപേട്ട ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് അസന്റ് ഹോസ്പിറ്റൽ ജംഗഷ്ൻവരെ റോഡിന്റെ ഒരുവശത്തെ അഴുക്കുചാൽ പൊളിച്ച് പൂർണമായും നവീകരിക്കുകയാണ്. റോഡിനരികിൽ തന്നെയാണ് മണ്ണും മറ്റു അവശിഷ്ടങ്ങളും കൂട്ടിയിട്ടിരിക്കുന്നത്. ഇത് പകൽ സമയങ്ങളിൽ വലിയ ഗതഗാതകുരുക്കിന് കാരണമാകുന്നു. റോബിൻസൺ റോഡ്, ഹെഡ്പോസ്റ്റ് ഒാഫീസ് റോഡ്, ജില്ലാ ആശുപത്രി റോഡുകളിൽ നിന്നായി ഓരോ മിനിട്ടിലും നിരവധി വാഹനങ്ങളാണ് കോർട്ട റോഡിലൂടെ സർവീസ് നടത്തുന്നത്. വാഹനങ്ങൾ സുൽത്താൻപേട്ട ജംഗ്ഷൻ കടന്നുകിട്ടാൻ കുറഞ്ഞത് അഞ്ച് മിനുട്ടെങ്കിലും എടുക്കുമെന്നാണ് യാത്രക്കാർ പറയുന്നത്. ഇത് ഇന്ധനവും സമയവും നഷ്ടപ്പെടുത്തുമെന്നും വ്യാപക പരാതിയുണ്ട്.

അഴുക്കുചാൽ നവീകരണത്തിന്റെഭാഗമായി റോഡുകൾ പലഭാഗത്തും പൊളിച്ചതിന് പുറമേ വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന ആളുകൾ ഇരുചക്രവാഹനങ്ങൾ ചെറിയൊരു ഇടം കിട്ടുന്നിടത്ത് പാർക്ക് ചെയ്യുന്നതും മറ്റ് വാഹനങ്ങൾ കടന്നുപോകാൻ തടസമാകുന്നുണ്ട്. ജംഗ്ഷനിൽ ഉൾപ്പെടെ മൂന്ന് ട്രാഫിക് പൊലീസുകാരുടെ സേവനം ലഭ്യമാണെങ്കിലും ഫലമില്ല.

 പണിപൂർത്തിയാകാൻ ഒന്നരമാസം വേണം

രാത്രിയിലും പണികൾ നടക്കുന്നുണ്ടെങ്കിലും കടകൾക്ക് മുന്നിലുള്ള ഭാഗങ്ങൾ പൊളിക്കുന്നത് രാവിലെ കടയുടമകളുടെ സാന്നിധ്യത്തിൽ മാത്രമാണ്. ഇത് പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുന്നതിന് തിരിച്ചടിയാകും. നിലവിലെ സ്ഥിതിയനുസരിച്ച് ഇനിയും ഒന്നരമാസം വേണ്ടിവരും നവീകരണം പൂർത്തിയാകാൻ.

സ്മിത. എ.ഇ, പാലക്കാട് നഗരസഭ