അഗളി: അട്ടപ്പാടിയിൽ ആദിവാസികൾക്ക് വീടിനായി സർക്കാർ അനുവദിച്ച തുക തട്ടിയെടുത്തുവെന്ന കേസിൽ സി.പി.ഐ മലപ്പുറം ജില്ലാ നേതാവ് അടക്കം രണ്ടു പേർ പൊലീസിന് കീഴടങ്ങയ സാഹചര്യത്തിൽ ഒളിവിൽപോയ വാർഡ് അംഗം മുഹമ്മദ് ജാക്കീറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അട്ടപ്പാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷിബു സിറിയക്ക് ആവശ്യപ്പെട്ടു.
സി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും നിലമ്പൂർ നഗരസഭാ കൗൺസിലറുമായ പി.എം.ബഷീർ, സുഹൃത്ത് അബ്ദുൾ ഗഫൂർ എന്നിവരാണ് കീഴടങ്ങിയത്. ഭൂതുവഴി ഊരിലെ കലാമണിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അഗളി പൊലീസ് പട്ടികവർഗ്ഗ പീഢന നിയമപ്രകാരം കേസെടുത്തിരുന്നു. തുടർന്ന് പ്രതികൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച കോടതി ഇവരോട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങുവാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയ്ക്കു മുന്നിൽ ഇരുവരും കീഴടങ്ങിയത്. എന്നാൽ അഴിമതിയിൽ പങ്കുള്ള പഞ്ചായത്തംഗത്തെ സംരക്ഷികുകയാണ് എൽ.ഡി.എഫ് ചെയ്യുന്നതെന്നും കോൺഗ്രസ് ആരോപിക്കുന്നു. സ്ഥലം മെമ്പർ അടക്കം കേസിൽ നാലു പ്രതികളാണ് ഉണ്ടായിരുന്നത്. ടി.ഇ.ഒ ആയിരുന്ന ആളെ കോടതി പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയിരുന്നു.
കഴിഞ്ഞ വർഷം ജൂലൈയിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സർക്കാർ അനുവദിച്ച തുക ഗുണഭോക്താക്കൾ അറിയാതെ പ്രതികൾ ബാങ്കിൽ നിന്നും പിൻവലിച്ചതായാണ് പരാതി. ആധാർ ലിങ്ക് ചെയ്യുവാനുള്ള ഫോമാണെന്ന് ധരിപ്പിച്ച് പണം പിൻവലിക്കുവാനുള്ള ഫോമിൽ ഒപ്പിട്ടു വാങ്ങുകയായിരുന്നു. ഏഴ് ആദിവാസികളുടെ അക്കൗണ്ടുകളിൽ നിന്നും 1,28,500 രൂപ വീതം പ്രതികൾ പിൻവലിച്ചതായി പരാതിയിൽ പറയുന്നു. പിന്നീട് 500 രൂപ മാത്രം നൽകി ഇവരെ മടക്കി അയക്കുകയായിരുന്നു.