പാലക്കാട്: ചന്ദ്രനഗറിൽ കെ.എഫ്.സി ചിക്കൻ സെന്റർ ആക്രമിച്ച കേസിൽ മാവോയിസ്റ്റ് നേതാക്കൾക്കെതിരെ അന്വേഷണ സംഘം കോടതയിൽ കുറ്റപത്രം സമർപ്പിച്ചു. മാവോയിസ്റ്റ് നേതാവ് രൂപേഷ് ഭാര്യ ഷൈന എന്നിവരുൾപ്പെടെ എട്ടുപ്രതികളെയാണ് ഇന്നലെ ജില്ലാ കോടതിയിൽ ഹാജരാക്കിയത്. 2014 ഡിസംബർ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്നലെ രാവിലെ 11.30ന് തണ്ടർ ബോർട്ടിന്റെയും പൊലീസിന്റെയും കനത്ത സുരക്ഷയിലാണ് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന രൂപേഷിനെയും കോയമ്പത്തൂരിലെ ജയിലിൽ കഴിയുന്ന അനൂപ് മാത്യു ജോർജ്ജ് ഉൾപ്പെടെയുള്ളവരെ കോടതിയിലെത്തിച്ചത്.
പ്രതികൾ കോടതി വളപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ചു. ആർ.എസ്.എസിനെക്കാൾ വലിയ കമ്മ്യൂണിസ്റ്റ് വിരോധമുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും ഇല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തന്നെ നാണക്കേടാണെന്നും രൂപേഷും സംഘവും കോടതിവളപ്പിൽ വച്ച് മാദ്ധ്യമങ്ങളോട് പറഞ്ഞു. മഞ്ചക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്നും ഇവർ ആരോപിച്ചു. ആകെ 10 പ്രതികളുള്ള കേസിൽ ഏഴാം പ്രതി മൊയ്തീൻ എന്നയാളെ അന്വേഷണ സംഘത്തിന് ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. നാലാം പ്രതി കണ്ണൂർ സ്വദേശി അഷറഫ് ഇന്നലെ ഹാജരായിരുന്നില്ല. അരുൺ, ശ്രീകാന്ത്, കെ.വി.ജോസ്, രമണൻ, ഇസ്മയിൽ എന്നിവരാണ് ഇന്നലെ ഹാജരായ മറ്റു പ്രതികൾ. യു.എ.പി.എ ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കസബ സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് പാലക്കാട് ഡിവൈ.എസ്.പിയാണ് അന്വേഷിച്ചത്. കോടതി നടപടിക്രമത്തിന് ശേഷം പ്രതികളെ തിരികെ കൊണ്ടുപോയി. കേസ് ഇനി 2020 ജനുവരി 13ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.