പത്തനംതിട്ട : ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി ആവിഷ്കരിച്ച കിൻഷിപ്പ് ഫോസ്റ്റർ കെയർ പദ്ധതിക്ക് സ്നേഹം പകരാൻ പത്ത് പേർ എത്തി. കുട്ടികളെ ദത്ത് എടുക്കുകയെന്ന് തെറ്റിദ്ധരിച്ചാണ് പലരും എത്തിയത്. എങ്കിലും പദ്ധതിയുടെ ലക്ഷ്യവും നന്മയും അറിഞ്ഞപ്പോൾ എല്ലാവർക്കും പൂർണ താൽപര്യം. മക്കൾ ഉള്ളവരും ഇല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്.

ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് ഫോസ്റ്റർ കെയർ. അവധിക്കാലങ്ങളിൽ ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് കുടുംബത്തിന്റെ അന്തരീക്ഷം ലഭിക്കാനാണ് ഇങ്ങനെയൊരു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ അവധിക്കാലത്ത് തന്നെ പദ്ധതി ആരംഭിക്കാനാണ് ശ്രമം.

നിരവധി പേർ നേരിട്ടും അല്ലാതെയും ഫോസ്റ്റർ കെയറിൽ താൽപര്യം പ്രകടിപ്പിച്ച് എത്തുന്നുണ്ട്. പൂർണമനസോടെ നാല് പേർ സന്നദ്ധത അറിയിച്ചു. ജില്ലാ ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് കുടുംബാന്തരീക്ഷത്തിൽ വളരാൻ സാഹചര്യമൊരുക്കുക എന്നതാണ് ഫോസ്റ്റർ കെയറിന്റെ ലക്ഷ്യം. ആറ് വയസിൽ കൂടുതൽ പ്രായമായ കുട്ടികളെയാണ് ഫോസ്റ്റർ കെയർ പദ്ധതി വഴി കൈമാറുക. ഏറ്റെടുക്കുന്ന കുടുംബത്തെ പറ്റി കൃത്യമായി അന്വേഷണം നടത്തും. എന്തെങ്കിലും തെറ്റായ കുടുംബ പശ്ചാത്തലമുള്ളവർ ആണെങ്കിൽ അവർക്ക് കുട്ടികളെ കൈമാറില്ല.

------------------------

ഫോസ്റ്റർ കെയർ പദ്ധതിയിൽ താൽപര്യമുള്ളവർ വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുളള ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് വഴി അപേക്ഷിക്കാം. അപേക്ഷയിലുള്ള റിപ്പോർട്ട് പ്രകാരം ചൈൽഡ് വെൽഫെയർ കമ്മിറ്റി പരിശോധിച്ച് ഉചിതമായ കുടുംബങ്ങളിലേക്ക് കുട്ടികളെ അയയ്ക്കാൻ ഉത്തരവിടും.

നിഷ,

പ്രോബഷനറി ഓഫീസർ

---------------------

കൂടുതൽ വിവരങ്ങൾക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റി അല്ലെങ്കിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസുമായും ബന്ധപ്പെടുക.
ഫോൺ : 0468 2319998, dcpupta@gmail.com