കടമ്പനാട് : കടമ്പനാട് പഞ്ചായത്തോഫീസിന്റെ ബഹുനിലമന്ദിരത്തിന്റെ ഉദ്ഘാടനം ഉടൻ നടക്കും. കെട്ടിടനിർമാണത്തിനായി 2005 മുതൽ പലശ്രമങ്ങൾ മാറി മാറിവന്ന ഭരണസമിതികൾ നടത്തിയെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 150ച.തു.അടിപോലും ഇല്ലാത്ത ചെറിയ മുറിയിലാണ് കമ്മിറ്റി കൂടിയിരുന്നത്. 22 ജീവനക്കാരും ചുരുങ്ങിയ സ്ഥലസൗകര്യങ്ങളിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ഒാഫീസ് മന്ദിരം നിർമ്മാണം നടത്തിയിരുന്നു. ഇതിനുമുകളിലായി രണ്ട് നിലകളിലാണ് പുതിയ ഒാഫീസ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്. ഫസ്റ്റ് ഫ്ളോറിൽ പഞ്ചായത്ത് കമ്മിറ്റി കൂടുന്ന ഹാൾ, പ്രസിഡന്റിന്റെ മുറി എന്നിവയും രണ്ടാം നിലയിൽ വിശാലമായ കോൺഫറൻസ് ഹാളുമാണ് ക്രമീകരിച്ചിരിക്കുന്നത്. മീറ്റിംഗ് ഹാളും ജനറൽ കോൺഫറൻസ് ഹാളും എ.സിയാണ്. മുൻ ഭരണസമിതി പണികഴിപ്പിച്ച ഗ്രൗണ്ട് ഫ്ളോറിലിപ്പോൾ കുടുംബശ്രീ ഒാഫീസും തൊഴിലുറപ്പ് ഒാഫീസും പ്രവർത്തിക്കുകയാണ്. പ്രധാന ഒാഫീസ് ഇവിടേക്ക് മാറ്റി തൊഴിലുറപ്പ് ഒാഫീസും കുടുംബശ്രീ ഒാഫീസും ഇപ്പോൾ ഒാഫീസ് പ്രവർത്തിക്കുന്ന ചെറിയകെട്ടിടത്തിലേക്ക് മാറ്റും. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും 5,27,092 രൂപ രൂപ ചെലവഴിച്ചാണ് നിർമ്മാണം. ഇതുകൂടാതെ കിണർ, അൻപത് വർഷത്തിലധികം പഴക്കമുള്ള സൈറൺ സ്റ്റാന്റിന്റെ സംരക്ഷണം തുടങ്ങി മറ്റ് നിർമ്മാണപ്രവർത്തനങ്ങളും നടത്തിവരുന്നു.
പുതിയകെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ പഞ്ചായത്തോഫീസിന്റെ പ്രവർത്തനത്തിൽ നിലവിൽ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമാകും.
അനിൽ
(വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ)