തിരുവല്ല: രാത്രിയിൽ ഒരു ലൈറ്റ് മാത്രം പ്രകാശിപ്പിച്ച് വരുന്ന വാഹനങ്ങൾ അപകടങ്ങൾക്കിടയാക്കുന്നു. ദീർഘദൂര ചരക്കു വാഹനങ്ങളും ടിപ്പർ ലോറികളും ടോറസുകളുമാണ് ഇതിലേറെയും.
ഒരു ലൈറ്റ് മാത്രമായതിനാൽ എതിരേവരുന്നത് ഏതു വാഹനമാണെന്നോ ഏതു ഭാഗത്തേക്കാണ് ഒഴിഞ്ഞുമാറേണ്ടതെന്നോ തിരിച്ചറിയാൻ കഴിയില്ല.തൊട്ടടുത്ത് എത്തുമ്പോഴാണു പലപ്പോഴും വാഹനമേതെന്ന് മനസിലാകുന്നത്. അപ്പോഴേക്കും അപകടം സംഭവിച്ചിരിക്കും. ഒറ്റ ലൈറ്റുകളുടെ തീവ്രത കൂട്ടിയും കുറച്ചും നിയന്ത്രിക്കാൻ കഴിയില്ല. ഇതുകാരണം എതിരേവരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് റോഡ് കാണാൻ ബുദ്ധിമുട്ടാകും.
തിരുവല്ല കായംകുളം സംസ്ഥാനപാതയിൽ ഉണ്ടപ്ലാവ്, കാവുംഭാഗം, മണിപ്പുഴ, പുളിക്കീഴ്, പൊടിയാടി തുടങ്ങിയ സ്ഥലങ്ങളിലെ കൊടുംവളവുകളിൽ ഇതുമൂലം നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ആലപ്പുഴ ചങ്ങനാശേരി റോഡിൽ ഒറ്റ ലൈറ്റുമായി വന്ന ടിപ്പർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ച് നിരവധിപ്പേർ മരിച്ചിരുന്നു. ഇടറോഡുകൾ ഉൾപ്പെടെ ആധുനിക രീതിയിൽ നിർമ്മിച്ചിട്ടുള്ളതിനാൽ അമിതവേഗത്തിലാണ് വാഹനങ്ങളുടെ പോക്ക്. എം.സി റോഡിലും സംസ്ഥാനപാതകളിലും അർദ്ധരാത്രിയിൽ പോലും ഇപ്പോൾ വാഹനങ്ങൾ സജീവമാണ്.
------------------
ഡിമ്മടിക്കാതെയും വില്ലൻമാർ
ഡിമ്മടിക്കാത്ത വലിയ വാഹനങ്ങളും അപകടങ്ങൾ ഉണ്ടാക്കാറുണ്ട്. ഡ്രൈവർമാരുടെ ഒരു നിമിഷത്തെ അശ്രദ്ധ വലിയ അപകടങ്ങൾക്ക് കാരണമാകുന്നു. വെളിച്ചമില്ലാത്ത റോഡുകളിലാണ് ഇത്തരത്തിലുള്ള അപകടങ്ങളിൽ ഏറെയും. എതിർദിശയിൽ വരുന്ന വാഹന ഡ്രൈവർമാരെ ബഹുമാനിക്കുന്നതിനു തുല്യമാണ് ഡിമ്മടിക്കാൻ കാണിക്കുന്ന വലിയ മനസ്.
-----------------------
തിരക്കേറിയ റോഡുകളിലൂടെ രാത്രിയിൽ ഒരു ലൈറ്റ് മാത്രം പ്രകാശിപ്പിച്ച് വരുന്ന വാഹനങ്ങളും ഡിമ്മടിക്കാൻ മടിക്കുന്ന വാഹനങ്ങളും കണ്ടെത്തി നടപടിയെടുക്കാൻ അധികൃതർ തയ്യാറാകണം
എം. ഗോപാലകൃഷ്ണൻ
ടാക്‌സി ഡ്രൈവർ