പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ ഒരുക്കങ്ങൾക്ക് തീരെ വേഗം പോരാ. മുൻ വർഷത്തെ മഹാപ്രളയത്തിനു പിന്നാലെ പ്രഖ്യാപിച്ച പല പദ്ധതികളും മല ചവിട്ടിത്തുടങ്ങിയിട്ടു പോലുമില്ല. ശബരിമല പാതയിൽ പത്തനംതിട്ട മണ്ണാരക്കുളഞ്ഞി മുതൽ റോഡ് തകർന്നു കിടക്കുന്നു. പ്ളാപ്പള്ളിക്കടുത്ത് റോഡിന്റെ പകുതിയോളം മഴയിൽ ഇടിഞ്ഞുവീണു. ഇൗ ഭാഗത്തെ മണ്ണു നീക്കി, 20 അടി താഴ്ചയിൽ നിന്ന് പാറയടുക്കി കെട്ടുന്ന ജോലികൾ തുടങ്ങിയതേയുള്ളു.
നിലയ്ക്കൽ:
പ്രഖ്യാപനം
ശബരിമലയുടെ ബേസ് ക്യാമ്പാക്കും
30,000 പേർക്ക് താമസസൗകര്യം
25,000 വാഹനങ്ങൾക്ക് ഒരേ സമയം പാർക്കിംഗ്
സീതത്തോട്ടിൽ നിന്ന് പൈപ്പ് ലൈൻ വഴി കുടിവെള്ളം
ഇപ്പോൾ ഇങ്ങനെ:
രണ്ടായിരത്തോളം റബർ മരങ്ങൾ മുറിച്ചുവിറ്റു. ദേവസ്വം ബോർഡിന് 45 ലക്ഷത്തോളം രൂപ ലഭിച്ചു
താമസത്തിന് നിർമ്മാണങ്ങളൊന്നും നടന്നില്ല
ഇരുപതിനായിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാൻ സംവിധാനമായി
കുടിവെള്ള പദ്ധതിക്ക് ടെൻഡറായത് കഴിഞ്ഞ ദിവസം
പമ്പ:
പ്രഖ്യാപനം
പ്രളയത്തിൽ പമ്പയിലേക്ക് മണ്ണിടിഞ്ഞുവീണ ഹിൽടോപ്പിൽ സംരക്ഷണഭിത്തി നിർമ്മിക്കും
ഹിൽടോപ്പിൽ നിന്ന് പമ്പാ ഗണപതി ക്ഷേത്രത്തിന് അടുത്തേക്ക് പുതിയ പാലം
പ്രളയത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കും
കുളിക്കടവ് നിർമ്മിക്കും
പുതിയ ടോയ്ലറ്റ് കോംപ്ളക്സ്
ഇപ്പോൾ ഇങ്ങനെ:
സംരക്ഷണഭിത്തി നിർമ്മിച്ചില്ല. ഹിൽടോപ്പിൽ മണ്ണിടിച്ചിൽ ഭീഷണി. പ്രളയശേഷം താത്കാലിക സംരക്ഷണത്തിന് പ്ളാസ്റ്റിക് ചാക്കുകൾ അടുക്കിയത് നദിയിലേക്ക് ഇടിഞ്ഞുവീണു.
പുതിയ പാലത്തിനുള്ള പഠനം പൂർത്തിയായില്ലെന്ന് ദേവസ്വം ബോർഡ്
കെട്ടിട അവശിഷ്ടങ്ങൾ നീക്കുന്ന ജോലി ആരംഭിച്ചതേയുള്ളൂ
മണപ്പുറത്തോടു ചേർന്ന് നദിയിലേക്ക് ഇറങ്ങിക്കുളിക്കുന്നതിന് പുതിയ അഞ്ച് പടികൾ നിർമ്മിച്ച് ടൈൽ പാകി. തണൽമരങ്ങൾ വച്ചുപിടിപ്പിച്ച് സംരക്ഷണഭിത്തികൾ നിർമ്മിച്ചു.
സന്നിധാനം:
പ്രഖ്യാപനം
മാളികപ്പുറത്തെ മീഡിയാ സെന്റർ കെട്ടിടം പൊളിച്ച് വിരിവയ്ക്കാൻ ഇടം നൽകും
ഭസ്മക്കുളം നവീകരിക്കും
അന്നദാന മണ്ഡപം പണി പൂർത്തിയാക്കും
ഇപ്പോൾ ഇങ്ങനെ:
മീഡിയ സെന്ററിൽ മാദ്ധ്യമങ്ങളുടെ ഒാഫീസ് പ്രവർത്തിച്ച മുകളിലെ നില പൊളിച്ചു
ഭസ്മക്കുളം നവീകരണം പകുതിയായി
അന്നദാന മണ്ഡപത്തിന് മാസ്റ്റർ പ്ളാനിൽ 10 മീറ്റർ ഉയരമാണ് നിർദ്ദേശിച്ചത്. അതുകൊണ്ട് മുകളിലെ നിലയുടെ നിർമ്മാണം ഉപേക്ഷിച്ചു.
ഭക്തർക്ക് വിശ്രമിക്കാൻ അഞ്ച് മണ്ഡപങ്ങൾ നിർമ്മിച്ചു