ചെങ്ങന്നൂർ: ശബരിമല തീർത്ഥാടകർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകാൻ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ജനഹാർ ഭക്ഷണശാല ആരംഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. തീർത്ഥാടനത്തിന് മുന്നോടിയായി റെയിൽവേ സ്‌റ്റേഷൻ അങ്കണത്തിൽ വിവിധ സഹായ കൗണ്ടറുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിക്കും. ഒന്നാം നമ്പർ പ്‌ളാറ്റ് ഫോമിൽ വിശ്രമ മുറിയിൽ നാല് ശുചി മുറികൾ സ്ഥാപിച്ചു. ഇതു കൂടാതെ പുതിയ ശുചിമുറി ബ്ലോക്കിന്റെ നിർമ്മാണവും നടന്നുവരുകയാണ്. ഒന്നും രണ്ടും പ്ലാറ്റ് ഫോമിൽ ഒരോ എക്‌സ്‌കലേറ്റർ സംവിധാനവും ഒരിക്കിയിട്ടുണ്ട്. ഒന്നാം ഫ്‌ളാറ്റ് ഫോമിൽ രണ്ട് ലിഫ്റ്റും പ്രവർത്തന സജ്ജമാണ്. രണ്ടും മൂന്നും പ്‌ളാറ്റ് ഫോമുകളെ ബന്ധിപ്പിക്കുന്ന ഫുട് ഓവർ ബ്രിഡ്ജുകളും യാത്രക്കാർക്കായി പ്ലാറ്റ് ഫോമുകളിൽ കൂടുതൽ ഇരിപ്പടങ്ങളും ക്രമികരിച്ചിട്ടുണ്ട്. ടച്ച് സ്‌ക്രീൻ, ഡിസ്‌പ്ലേ സിസ്റ്റം, വെന്റിംഗ് ടിക്കറ്റ് മിഷൻ സിസ്റ്റം, വെന്റിംഗ് വാട്ടർ കൂളർ എന്നിവ ഏർപ്പെടുത്തി. സ്റ്റേഷൻ പരിസരത്തെ റോഡുകൾ ടാർ ചെയ്തു. ഒന്നാം നമ്പർ പ്‌ളാറ്റ് ഫോമിലേക്ക് പാർക്കിംഗ് ഏരിയ വഴി പുതിയ വഴിയും നിർമ്മിച്ചിട്ടുണ്ട്. കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ സർവ്വീസ് നടത്തും. തീർത്ഥാടന കാലയളവിൽ കൂടുതൽ റെയിൽവേ സംരക്ഷണ സേനയെ നിയോഗിക്കുമെന്നും എം.പി പറഞ്ഞു

റെയിൽവേ അവലോകനയോഗം 11ന്

ശബരിമല തീർത്ഥാടകർക്ക് ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ച് തീരുമാനിക്കാൻ 11ന് രാവിലെ 10ന് റെയിൽവേ സ്റ്റേഷനിൽ യോഗം ചേരും. റെയിൽവേ ഡിവിഷണൽ മാനേജർ എസ്.കെ സിൻഹ പങ്കെടുക്കും.