എം.എൽ.എ അറിയാൻ പരമ്പര
കോന്നി: മണ്ഡലത്തിലെ ഒട്ടുമിക്ക ഗ്രാമീണ റോഡുകളും നാശത്തിന്റെ വക്കിലാണ്. മലയാലപ്പുഴ - പത്തിശേരി - മൈലപ്ര റോഡിൽ ടാറിന്റെ അംശം പോലുമില്ല. തകർന്ന് പടുകുഴിയായി മാറിയിരിക്കുന്നു. ചീങ്കൽത്തടം, കാറ്റാടി, പത്തിശേരി എന്നിവിടങ്ങളിലുള്ളവർക്ക് മലയാലപ്പുഴയിലേക്കും പത്തനംതിട്ടയിലേക്കും എത്താനുള്ള ഏക വഴിയാണിത്.
അരുവാപ്പുലം - തേക്കുത്തോട്ടം - ഊട്ടുപാറ റോഡിൽ പുളിഞ്ചാണി ജംഗ്ഷൻ വരെയുള്ള ഭാഗത്ത് യാത്രദുരിതം രൂക്ഷമാണ്. തേക്കുതോട്ടം മുക്കിൽ നിന്ന് ഊട്ടുപാറയിലേക്കും രാധപടി, മുതുപേഴുങ്കൽ ഭാഗത്തേക്കും പോകുന്ന റോഡാണിത്. തേക്കുത്തോട്ടം മുതലുള്ള 150 മീറ്റർ ഭാഗം വെള്ളക്കെട്ടാണ്. പയ്യന്നാമൺ പത്തലുകുത്തി ഭാഗത്ത് നിന്ന് അട്ടച്ചാക്കലേക്ക് പോകുന്ന റോഡ് തകർന്നു. കോന്നി പഞ്ചായത്തിലെ 3 വാർഡുകളിലെ ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന ഈ ഗ്രാമീണ റോഡ് വർഷങ്ങൾക്ക് മുൻപ് ടാർ ചെയ്തതാണ്. പയ്യന്നാമൺ - മച്ചിക്കാട് - പെരിഞ്ഞൊട്ടയ്ക്കൽ റോഡ് തകർന്നത് നന്നാക്കാൻ നടപടിയായില്ല. നാട്ടുകാർ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയില്ല.
പയ്യന്നാമൺ, മച്ചിക്കാട്, പെരിഞ്ഞൊട്ടയ്ക്കൽ പ്രദേശങ്ങളിലാണ് റോഡ് ഏറെ തകർന്നിരിക്കുന്നത്. ചെങ്ങറ - ചെമ്മാനി - കൊന്നപ്പാറ റോഡിലെ കൊന്നപ്പാറ - ചെങ്ങറമുക്ക് മുതൽ ചെമ്മാനിത്തോട്ടം വരെയുള്ള ഭാഗങ്ങളാണ് തകർന്നത്.
18 വർഷമായി ഒരു പണിയുമില്ല
തണ്ണിത്തോട് - അഞ്ചുകുഴി - കുടപ്പനകുളം റോഡ് അറ്റകുറ്റപണികൾ നടത്താതുമൂലം സഞ്ചാരയോഗ്യമല്ല. മലയോര മേഖലയിൽ നിന്നുള്ള ആദ്യകാല റോഡാണിത്. വനം വകുപ്പിന്റെ അവഗണന മൂലം കഴിഞ്ഞ 18 വർഷങ്ങളായി അറ്റകുറ്റപണികൾ നടത്തിയിട്ടില്ല. മലയോരത്തെക്കുള്ള കർഷകരുടെ കുടിയേറ്റ സമയത്ത് തണ്ണിത്തോട്ടിലേക്ക് റേഷൻ സാധനങ്ങളെത്തിയിരുന്നതും, പ്ലാന്റെ ഷൻ കോർപ്പറേഷൻ എസ്റ്റേറ്റ്, വനം വകുപ്പ് ഓഫീസ് എന്നിവിടങ്ങളിലേക്ക് പോയിരുന്നതും ഈ വഴിയായിരുന്നു.
സഞ്ചാരികളുടെ നടുവൊടിയും
ഒട്ടേറെ സഞ്ചാരികളെത്തുന്ന മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള മണ്ണീറ - ഒറ്റപ്ലാവിൽപടി റോഡും നാശത്തിലാണ്. ഇവിടെ റോഡിൽ പലപ്പോഴും വെള്ളക്കെട്ടാണ്. കരുമാൻതോട്ടിൽ നിന്ന് പൂച്ചകുളത്തേക്കുള്ള പാത ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കരു മാൻതോട്ടിൽ നിന്ന് പൂച്ചക്കുളം വെള്ളച്ചാട്ടത്തിന് സമീപത്തെ പാലം വരെ കോൺക്രീറ്റ് റോഡുണ്ട്. തുടർന്ന് ജനവാസ മേഖല വരെ കല്ലു പാതയാണ്. ബ്രട്ടീഷ് ഭരണകാലത്തെ രാജപാതയായിരുന്ന മണ്ണീറ വയക്കര റോഡും അവഗണനയിലാണ്.
താലൂക്ക് വികസന സമിതി യോഗങ്ങളിൽ റോഡ് വികസനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പല കാര്യങ്ങളും നടപ്പാക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നില്ല.
കോന്നിയൂർ പി.കെ.
കോന്നി ബ്ലോക്ക് പ്രസിഡന്റ്