പത്തനംതിട്ട : വിശുദ്ധ വേദപുസ്തകത്തിന്റെ വേറിട്ട കാഴ്ചകളുമായി മൈലപ്രയിൽ ഒരു മ്യൂസിയം. കളിമൺ ഫലകത്തിലെഴുതിയ ബൈബിൾ മുതൽ തുടങ്ങുന്നു കാഴ്ചകൾ. ആദ്ധ്യാത്മിക നിറവിനൊപ്പം ഒരു കാലഘട്ടത്തെ അനുഭവിക്കാനും വഴിയൊരുക്കുന്നു മ്യൂസിയം സന്ദർശനം.
മൈലപ്ര എൻ. എം. എൽ. പി സ്‌കൂളിനു സമീപം കരിങ്കുറ്റിക്കൽ വീട്ടിൽ ജോർജ് കോശി മൈലപ്രയും ഭാര്യ ഷീനയും ചേർന്നാണ് മ്യൂസിയം തയ്യാറാക്കിയത്. വീടിന്റെ മുകൾ നിലയിലാണ് ഡിസ്കവറി മ്യൂസിയം ആൻഡ് ബൈബിൾ റിസർച്ച് സെന്റർ.
ബൈബിളിന്റെ വിവിധ മാതൃകകൾ ഇവിടെ കാണാം. കളിമൺ ഫലകത്തിലെഴുതിയ ബൈബിൾ മുതൽ ഒറ്റബോർഡിലൊതുക്കിയ ബൈബിൾവരെയുണ്ട്. പാപ്പിറസ് ബൈബിളിന്റെ അവശേഷിക്കുന്ന ഏക ഭാഗത്തിന്റെ മാതൃക, തൂവലും മഷിയും ഉപയോഗിച്ചെഴുതിയ ബൈബിളിന്റെ മാതൃക, കനംകുറഞ്ഞ ബൈബിൾ, കനംകൂടിയ ബൈബിൾ എന്നിങ്ങനെ പോകുന്നു മ്യൂസിയം കാഴ്ചകൾ.
1811ൽ മുംബൈയിലെ കല്ലച്ചിൽ അച്ചടിച്ച മലയാളത്തിലെ ആദ്യ പുസ്തകം ബൈബിളാണ്. 50കോപ്പികൾ അച്ചടിച്ചതിൽ മൂന്ന് കോപ്പികൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിലൊന്ന് ഈ മ്യൂസിയത്തിലുണ്ട്. തൃശൂരിലെ ജയിംസ് വില്യംസാണ് സംഭാവന നൽകിയത്.
യേശുവിന്റെ ശിരസിൽ പതിപ്പിച്ച മുൾക്കിരീടം, യേശുവിനെ അടക്കം ചെയ്ത കല്ലറ, സമാഗമന കൂടാരം, നോഹയുടെ പെട്ടകം എന്നിവയുടെ മാതൃകയും കാണാം. വിവിധ രാജ്യങ്ങളിലെ 865ൽ പരം സ്റ്റാമ്പുകളുടെ അമൂല്യ ശേഖരവുമുണ്ട്.
----------------------
30 തവണ ജെറുസലേം യാത്ര
മുപ്പത് തവണ ജെറുസലേം യാത്ര നടത്തിയിട്ടുണ്ട് ജോർജ് കോശി. ഭാര്യ ഷീനയും ഒപ്പമുണ്ടായിരുന്നു. അന്ന് വാങ്ങിയവയാണ് മ്യൂസിയം കാഴ്ചകളിൽ പലതും. ഈജിപ്തിലെ നാണയങ്ങൾ, കറൻസികൾ, യഹൂദന്മാർ യുദ്ധത്തിന് പോകുമ്പോൾ കാഹളം മുഴക്കുന്ന റാം എന്ന മൃഗത്തിന്റെ കൊമ്പ്, ഗോലിയാത്തിനെ കൊല്ലാൻ ദാവീദ് ഉപയോഗിച്ച കവണയുടെ മാതൃക എന്നിങ്ങനെ കാഴ്ചകൾ നീളുന്നു.
യേശുവിന്റെ കാലത്തെ വസ്ത്രം ധരിച്ച യഹൂദന്റെ രൂപമാണ് മ്യൂസിയത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. ഏറ്റവും പുതിയതായി മ്യൂസിയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് കളിമണ്ണിൽ നിർമ്മിച്ച മെഗാഫോണാണ്, മകൾ വേദയുടെ കോഴിക്കോട് യാത്രയിൽ വാങ്ങിയതാണിത്. ആർക്കും എപ്പോൾ വേണമെങ്കിലും മ്യൂസിയം സന്ദർശിക്കാം. മുൻകൂട്ടി അറിയിക്കണമെന്ന് മാത്രം. ഫോൺ : 9447213777