അടൂർ: ആഴ്ചയിൽ നാല് ദിവസമായി വെട്ടിച്ചുരുക്കിയ അടൂർ - മണിപ്പാൽ സർവീസ് ഒടുവിൽ റദ്ദാക്കി. മുന്നറിയിപ്പില്ലാതെയുള്ള നടപടി മൂലം ഇന്നലെ മണിപ്പാൽ, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർ വലഞ്ഞു.

വ്യാഴാഴ്ച ഡ്യൂട്ടിക്കെത്തിയ ഡ്രൈവറേയും കണ്ടക്ടറേയും മുൻകൂർ റിസർവേഷൻ കുറവെന്ന കാരണം പറഞ്ഞ് തിരിച്ചയച്ച ശേഷമായിരുന്നു റദ്ദാക്കൽ. സ്ഥിരമായി ഈ ബസിൽ യാത്ര ചെയ്യുന്ന ദീർഘദൂരയാത്രക്കാരും റിസർവേഷൻ നടത്തിയവരും മുൻകൂട്ടി അറിയിക്കാതെയുള്ള നടപടിമൂലം വലഞ്ഞു. ശനി, ഞായർ അവധി ആയതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറെയുള്ള മണിപ്പാലിൽ നിന്ന് നിരവധി വിദ്യാർത്ഥികളും ജോലിക്കാരും ഈ സർവീസിനെയാണ് ആശ്രയിക്കുന്നത്. ഇന്നലെ രാവിലെ മുൻകൂർ റിസർവേഷനായി നോക്കിയപ്പോൾ സർവീസ് ഇല്ലെന്നാണ് കാണാൻ കഴിഞ്ഞത്. ഇതോടെ യാത്രക്കാർ വെട്ടിലായി.

തുടക്കം മുതൽ സർവീസിനെതിരെ അധികൃതരുടെ നീക്കമുണ്ടായിരുന്നു. ലാഭകരമല്ലാത്തതിനാൽ സർവീസ് വേണ്ടെന്നായിരുന്നു ആദ്യം അവരുടെ നിലപാട്. സ്വകാര്യ സർവീസുകളെ സഹായിക്കാനാണ് ഇതെന്ന് പരാതിയുണ്ട്. ചിറ്റയം ഗോപകുമാർ എം.എൽ. എ യുടെ ശ്രമഫലമായാണ് തുടങ്ങിയത്. വരുമാനം കുറവെന്ന കാരണം പറഞ്ഞ് പിന്നീട് ആഴ്ചയിൽ 4 ദിവസമാക്കി ചുരുക്കി. ഇപ്പോൾ പൂർണമായും ഇല്ലാതാക്കുകയും ചെയ്തു.

.

-------------------------

എ.ടി.ഒ ഏകപക്ഷീയമായി ഒരു ദീർഘദൂര സർവീസ് റദ്ദാക്കുന്ന സമീപനം യാത്രക്കാരോടു കാട്ടുന്ന ക്രൂരതയാണ്. ഇത് നീതീകരിക്കാവുന്നതല്ല. ഡിപ്പാർട്ട്മെന്റിനെ നശിപ്പിക്കാൻ കൂട്ടുനിൽക്കുന്ന ഇത്തരം ജീവനക്കാർക്കെതിരേ കർശന നടപടിയെടുക്കണം.

അഡ്വ. ബിജു വർഗീസ്,

കൗൺസിലർ, അടൂർ നഗരസഭ