കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ വഴികളിൽ ഇനി ഇരുട്ട് ഉണ്ടാകില്ല. പഞ്ചായത്തിലെ മുഴുവൻ തെരുവുവിളക്കുകളും പ്രകാശിപ്പിക്കുന്ന ഗ്രാമജ്യോതി പദ്ധതി തയ്യാറായി. ഇതിനായി പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം രണ്ട് താൽക്കാലിക ജീവനക്കാരെ നിയമിക്കുകയും അവർക്ക് ഇൻഷുറൻസ് പരിരക്ഷയും ഒരുക്കി. കോന്നി, വകയാർ, കുമ്പഴ ഇലക്ട്രിക്കൽ സെക്ഷൻ എൻജിനിയർമാരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്ന് രൂപരേഖയും തയ്യാറാക്കി.

തെരുവു വിളക്കുകൾ മിഴിയടയ്ക്കില്ല

ഗ്രാമജ്യോതി പദ്ധതിക്ക് തുടക്കമാകുന്നതോടെ ഗ്രാമപഞ്ചായത്തിൽ വൈദ്യുതി വിളക്കുകൾ ഒരു ദിവസം പോലും പ്രവർത്തന രഹിതമാകില്ലെന്നാണ് പ്രതീക്ഷ. 18 വാർഡുകളിലെ തെരുവുവിളക്കുകളുടെയും പോസ്റ്റുകളുടെയും എണ്ണം എടുത്തു. വരും ദിവസങ്ങളിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കും. ജീവനക്കാർ കുറഞ്ഞത് 25 തെരുവുവിളക്കുകൾ അറ്റകുറ്റപ്പണികൾ നടത്തണം. ഒരു പോസ്റ്റിന് 75 രൂപ തൊഴിലാളിക്ക് ലഭിക്കും. വാഹന സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

മുൻപ് അറ്റകുറ്റപ്പണികൾ രണ്ടു തവണ മാത്രം

മുൻപ് വർഷത്തിൽ രണ്ടു തവണ മാത്രമായിരുന്നു അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത്. ഇതുകാരണം തെരിവുവിളക്കുകൾ മാസങ്ങളോളം പ്രവർത്തന രഹിതമായിരുന്നു. മഴക്കെടുതികളും മറ്റും തെരുവുവിളക്കുകളുടെ പ്രവർത്തനം അവതാളത്തിലാക്കിയിരുന്നു.

അറ്റകുറ്റപ്പണികൾക്ക് സ്ഥിരം സംവിധാനം

മുൻ വർഷങ്ങളിൽ ഏഴ് ലക്ഷം രൂപയ്ക്കാണ് കരാർ നൽകിയിരുന്നത്. പദ്ധതി നടപ്പാകുമ്പോൾ അഞ്ച് ലക്ഷം രൂപയായി ചെലവ് ചുരുക്കാൻ കഴിയും. എം. രജനി,

പഞ്ചായത്ത് പ്രസിഡന്റ്

ബ്ളോക്ക് പഞ്ചായത്തും കൈകോർക്കും

ബ്ളോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി 15 ലക്ഷം രൂപ ചെലവിൽ പയ്യനാമൺ, ചാങ്കൂർ ജംഗ്ഷൻ, മഞ്ഞക്കടവ്, പൊന്തനാംകുഴി, വട്ടക്കാവ്, കാളഞ്ചിറ പട്ടികജാതി കോളനി, പൂവൻപാറ എന്നിവിങ്ങളിൽ മിനി മാക്സ് ലൈറ്റുകൾ സ്ഥാപിക്കും. എം.എൽ.എ ആയിരുന്ന അടൂർ പ്രകാശ് എം.പി, ആന്റോ ആന്റണി എം.പി എന്നിവരുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് എലിയറയ്ക്കൽ , അട്ടച്ചാക്കൽ, മുരിങ്ങമംഗലം, താലൂക്ക് ആശുപത്രി ചിറ്റൂർ മുക്ക്, ചൈനാമുക്ക്, മാരൂർപാലം, അതുമ്പുംകുളം എന്നിവിടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കും.

ഗ്രാമജ്യോതി പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കോന്നി ഗ്രാമപഞ്ചായത്തിൽ തെരുവുവിളക്കുകൾ ഒരു ദിവസം പോലും പ്രവർത്തന രഹിതമാകില്ലെന്നാണ് പ്രതീക്ഷ. തകരാറുകൾ സംഭവിച്ചാൽ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹാരം കണ്ടെത്താൻ കഴിയും.

പ്രവീൺ പ്ളാവിളയിൽ

(കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്)