ശബരിമല മണ്ഡലകാലം തുടങ്ങാൻ 14 ദിവസം മാത്രം
തീരാതെ പണികൾ,
തോരാതെ ദുരിതം
ശബരിമല: ശരണപാതകൾ ഉണരാൻ ഇനി പതിന്നാല് ദിവസം മാത്രം. തീർത്ഥാടനത്തിനുളള മുന്നൊരുക്കങ്ങൾ പത്തനംതിട്ട മുതൽ സന്നിധാനം വരെയും ഒന്നുമായിട്ടില്ല. റോഡുകൾ പൊളിഞ്ഞുകിടക്കുന്നു. ബേസ് ക്യാമ്പായ നിലയ്ക്കലിൽ സർക്കാർ സംവിധാനങ്ങളൊന്നും ഇനിയും ഉണർന്നിട്ടില്ല. പമ്പയിൽ കുളിക്കടവിന്റെ നിർമ്മാണം നടക്കുന്നതൊഴിച്ചാൽ അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾ തീർത്ഥാടനം തുടങ്ങുന്നതിനു മുൻപ് പൂർത്തിയാകാൻ സാദ്ധ്യതില്ല. ഇഴഞ്ഞുനീങ്ങുന്ന നിർമ്മാണ പ്രവർത്തനങ്ങൾ കനത്തമഴയിൽ മുങ്ങിപ്പോകുന്നു.
റോഡ് ഇടഞ്ഞുതാഴ്ന്നു
ശരണവഴികളിൽ മൈലപ്ര മുതൽ റോഡുകൾ തകർന്നുകിടക്കുന്നു. മണ്ണാരക്കുളഞ്ഞിയിൽ ഇന്റർലോക്ക് കട്ടകൾ ഇളകിയത് വാഹനങ്ങൾക്ക് അപകട ഭീഷണിയാണ്. റോഡിലെ ടാറിംഗ് ഇളകി വലിയ കുഴികൾ രൂപപ്പെട്ടു. ടാറിഗ് ഇളക്കിക്കൊണ്ടാണ് കുന്നുകളിൽ നിന്നുളള വെളളപ്പാച്ചിൽ. ളാഹവരെയുളള റോഡിൽ ടാറിംഗ് പാളികളായി ഇളകിപ്പോയിരിക്കുകയാണ്. ഇൗ ഭാഗത്ത് ആകെ നടക്കുന്നത് റോഡിലേക്ക് പടർന്നു കയറിയ കാട് തെളിക്കൽ മാത്രമാണ്. മഴ വന്നാൽ അതും മുടങ്ങും.
പ്ളാപ്പളളിക്കടുത്ത് റോഡിന്റെ പകുതി ഭാഗം കഴിഞ്ഞമാസത്തെ മഴയിൽ ഇടിഞ്ഞുവീണത് പുനർനിർമ്മിക്കുന്ന ജോലികൾ മന്ദഗതിയിലാണ്. പാറകൾ ഇരുമ്പ് വലയ്ക്കുളളിൽ അടുക്കിക്കെട്ടി ഉയർത്തുന്ന ജോലികൾ പൂർത്തിയാകാൻ സമയമേറെയെടുക്കും. തീർത്ഥാടനം തുടങ്ങുന്നതിന് മുൻപ് പണി പൂർത്തിയായില്ലെങ്കിൽ ഇൗഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകും. പ്ളാന്തോട് മുതൽ ചാലക്കയം വരെയുളള ഭാഗത്ത് ടാറിംഗ് പൂർത്തിയായി.
-----------------------
നിലയ്ക്കലിൽ
നിലയ്ക്കലിൽ ജല അതോറിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമാണ് പുരോഗമിക്കുന്നത്. അഞ്ച് ലക്ഷം ലിറ്റർ വീതം വെളളം സംഭരിക്കാൻ കഴിയുന്ന മൂന്ന് സ്റ്റീൽ ടാങ്കുകൾ സ്ഥാപിച്ചു. ബി.എസ്.എൻ.എൽ. ഒാഫീസിന് സമീപം, പളളിയറക്കാവ് ക്ഷേത്രത്തിന് സമീപം, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ടാങ്കുകൾ. സീതത്തോട്, പമ്പ എന്നിവിടങ്ങളിൽ നിന്നും നിലയ്ക്കലിലെ കുഴൽകിണറിൽ നിന്നുമാണ് ടാങ്കിലേക്ക് വെളളമെത്തിക്കുന്നത്. വെളളം ശുദ്ധീകരിക്കുന്നതിന് 14 പ്ളാന്റുകളും പ്രവർത്തനക്ഷമമായിട്ടുണ്ട്. 140 വാട്ടർ കിയോസ്കുകൾ വഴിയാണ് ജലം വിതരണം ചെയ്യുന്നത്.
കഴിഞ്ഞ വർഷം സ്ഥാപിച്ച പൊലീസ് ബാരക്ക് കാടുകയറി. ഇഴജീവികളുടെ താവളമാണിവിടം. ജനലുകളും വാതിലുകളും പന്നികളും മറ്റും തകർത്ത നിലയിലാണ്.
ഹെലിപ്പാഡിനോട് ചേർന്ന് 600പേർക്ക് താമസിക്കാവുന്ന താത്കാലിക ഡോർമെറ്ററിക്ക് സ്ഥലം നിരപ്പാക്കിയതല്ലാതെ ഒന്നും നടന്നിട്ടില്ല. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് കാടുകയറി. നിലയ്ക്കൽ പ്രവേശന കവാടത്തിലെ റോഡുകളുടെ നിർമാണം മെറ്റൽ വിരിക്കുന്ന ഘട്ടത്തിലാണ്.
പമ്പയിൽ
പമ്പയിൽ കുളിക്കടവിന്റെ നിർമ്മാണം പൂർത്തിയാകുന്നതൊഴിച്ചാൽ മറ്റ് നിർമ്മാണങ്ങൾ കാര്യമായി നടക്കുന്നില്ല. കുളിക്കടവിൽ അഞ്ച് പുതിയ പടികൾ നിർമ്മിച്ച് ഗ്രാനൈറ്റ് പാകി. മരങ്ങൾ സംരക്ഷിച്ചു വളർത്തുന്നതിന് മൂന്നടി പൊക്കത്തിൽ ചുറ്റുമതിലും നിർമ്മിച്ചിട്ടുണ്ട്.
ഹിൽടോപ്പിലെ മണ്ണ് നദിയിലേക്ക് ഇടിഞ്ഞുവീഴുന്ന സ്ഥിതിയിലാണ്. സംരക്ഷണ ഭിത്തിയായി കഴിഞ്ഞ പ്രളയത്തിനു ശേഷം പ്ളാസ്റ്റിക് ചാക്കുകൾ അടുക്കിയത് നദിയിലേക്ക് മറിഞ്ഞു. പ്ളാസ്റ്റിക് ചാക്കുകൾ നദിയിൽ പരിസ്ഥിതി ഭീഷണിയാകുന്നു. ചെറിയാനവട്ടത്തേക്കുളള പാലം പുനർനിർമ്മിച്ചില്ല. ഇൗ ഭാഗത്തെ കൊച്ചുപാലം പ്രളയത്തിൽ തകർന്ന നിലയിൽത്തന്നെ. ആറാട്ട് കടവ് മണൽ മൂടിക്കിടക്കുന്നു. പുതിയ ടോയ്ലറ്റ് കോംപ്ളക്സിന്റെ ഭിത്തിയിൽ സിമന്റ് പൂശുന്ന ജോലികളാണ് നടക്കുന്നത്. ടോയ്ലറ്റ് ഘടിപ്പിക്കലും വൈദ്യുതീകരണവും ബാക്കി കിടക്കുന്നു. പമ്പാ മണപ്പുറത്ത് പ്രളയത്തിൽ ഒഴുകിയെത്തിയ കല്ലുകൾ നീക്കം ചെയ്ത് നിരപ്പാക്കിയിട്ടില്ല.
സന്നിധാനത്ത്
ഭസ്മക്കുളം നവീകരണം തീർത്ഥാടനം തുടങ്ങുന്നതിന് മുൻപ് പൂർത്തിയാകില്ല. പാണ്ടിത്താവളത്ത് നിന്ന് സിന്നിധാനത്തേക്കുളള വഴി ഇന്റർലോക്ക് ചെയ്യുന്ന ജോലികൾ നടക്കുന്നു. മാളികപ്പുറത്തിന് സമീപത്തെ അന്നദാന മണ്ഡപത്തിന്റെ മുകൾ നിലയുടെ നിർമ്മാണം മാസ്റ്റർ പ്ളാനിന് വിരുദ്ധമായതിനാൽ നിറുത്തിവച്ചു. മാളികപ്പുറം മേൽശാന്തിയുടെ മുറി പുതുക്കിപ്പണിയുന്ന ജോലി തീർന്നിട്ടില്ല. നിലവിലുളള ടോയ്ലറ്റ് കോംപ്ളക്സുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നു.