camera
camera

സുരക്ഷാ കാമറകളുടെ കേബിൾ സ്ഥാപിച്ചിരിക്കുന്ന
ഇലക്ട്രിക്ക് പോസ്റ്റുകൾക്ക് വാടക വേണമെന്ന് കെ.എസ്.ഇ.ബി

തിരുവല്ല: സ്ത്രീ സുരക്ഷയും മാലിന്യ നിർമ്മാർജ്ജനവും ലക്ഷ്യമാക്കി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച സി.സി ടി.വി കാമറകൾക്ക് വൈദ്യുതി പോസ്റ്റിലൂടെ കേബിൾ വലിച്ചതിന് വാടക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി നോട്ടീസ് നൽകി. ആറുമാസം മുമ്പ് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ സ്ഥാപിച്ച 26 കാമറയുടെ കേബിളുകൾ ഇലക്ട്രിക് പോസ്റ്റുകൾ വഴിയാണ് വലിച്ചിരുന്നത്. ഈ കേബിളുകൾ കെ.എസ്.ഇ.ബി.യുടെ അനുവാദം കൂടാതെയാണ് സ്ഥാപിച്ചിരിക്കുന്നതെന്നും പോസ്റ്റ് ഒന്നിന് 371രൂപാ പ്രകാരം വാർഷിക വാടക മുൻകൂറായി 15 ദിവസത്തിനകം അടക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. 184 പോസ്റ്റുകളുടെ നാളിതുവരെയുള്ള വാടകയായ 87378രൂപ ഉടൻ അടക്കണമെന്നും അല്ലാത്തപക്ഷം 15 ദിവസത്തിനുള്ളിൽ കേബിളുകൾ അഴിച്ചുമാറ്റുമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി. തിരുവല്ല ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ആണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. സൗരോർജ്ജത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന കാമറകൾക്ക് വൈദ്യുതി ആവശ്യമില്ല. എന്നാൽ സി.സി.ടി.വി കാമറകൾ ബന്ധിപ്പിച്ചിരിക്കുന്ന കേബിളുകൾ കെ.എസ്.ഇ.ബിയുടെ പോസ്റ്റിലൂടെയാണ് വലിച്ചിട്ടുള്ളത്. ഇതിന്റെ നിയന്ത്രണം പുളിക്കീഴ് പൊലീസ് സ്റ്റേഷനിലാണ് ക്രമീകരിച്ചിരിക്കുന്നതും. കുറ്റകൃത്യങ്ങൾ തടയുന്നതിനും കണ്ടെത്തുന്നതിനും പുളിക്കീഴ് പൊലീസിന് ഏറെ സഹായകരമാണ് സി.സി.ടി.വി. കാമറകൾ. അടുത്തിടെ അർദ്ധരാത്രിയിൽ വളഞ്ഞവട്ടത്ത് ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയ യുവഡോക്ടറുടെ കാർ തടഞ്ഞ് നിറുത്തി അക്രമിച്ച പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുവാൻ സഹായിച്ചത് ഈ കാമറയിലെ ദൃശ്യങ്ങളായിരുന്നു.


പൊതു താത്പര്യാർത്ഥം സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ സ്ഥാപിച്ചിട്ടുള്ള സി.സി.ടിവി കാമറകളുടെ പ്രവർത്തനം ഇല്ലാതാക്കാനുള്ള കെ.എസ്.ഇ.ബിയുടെ നീക്കം പ്രതിഷേധാർഹമാണ്. ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കിയ ഈ പദ്ധതിയുടെ തുടർപരിപാലനവും സംരക്ഷണവും ഗ്രാമപഞ്ചായത്തുകൾക്കാണ്. ഗ്രാമപഞ്ചായത്ത് വഴികളിലൂടെയാണ് കെ.എസ്.ഇ.ബി.യുടെ ലൈനുകൾ ബഹുഭൂരിപക്ഷവും കടന്നുപോകുന്നത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ വൈദ്യുതി വകുപ്പ് മന്ത്രിക്ക് നവേദനം നൽകുവാൻ ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.
അഡ്വ. സതീഷ് ചാത്തങ്കരി
പ്രസിഡന്റ്
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്.


വൈദ്യുതി ബോർഡ് നിശ്ചയിച്ചിട്ടുള്ള നിരക്ക് പ്രകാരം വാടക അടയ്ക്കാനാണ് പുളിക്കീഴ് ബ്ലോക്കിന് നോട്ടീസ് നൽകിയിട്ടുള്ളത്. തിരുവല്ല നഗരസഭാ ഇതേപോലെ കേബിളുകൾ സ്ഥാപിക്കാൻ ബോർഡിന് പണം അടച്ചിട്ടുണ്ട്. സർക്കാരിന്റെ പ്രത്യേക ഉത്തരവില്ലാതെ ഏല്ലാവർക്കും ബാധകമായ വാടക ഈടാക്കുന്നത് ഒഴിവാക്കാനാകില്ല.
എൻ.വി.മധു
എക്‌സിക്യൂട്ടീവ് എൻജിനീയർ
കെ.എസ്.ഇ.ബി തിരുവല്ല ഡിവിഷൻ

184 പോസ്റ്റുകളുടെ വാടക 87378രൂപ