കൊടുമൺ: സംസ്ഥാനത്തെ ആദ്യ സമ്പൂർണ പച്ചത്തുരുത്ത് പഞ്ചായത്തായി മാറാൻ ഒരുങ്ങുകയാണ് കൊടുമൺ ഗ്രാമ പഞ്ചായത്ത്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് പഞ്ചായത്തിനെ ഹരിതാഭമാക്കുന്നത്. എല്ലാ വാർഡുകളിലും ചെറുവനങ്ങൾ ഒരുങ്ങുകയാണ്. നാളെ വൈകിട്ട് 4ന് കൊടുമൺ ഇടത്തിട്ട കാവുംപാട്ട് ആഡിറ്റോറിയത്തിൽ മന്ത്രി എം.എം.മണി ആദ്യ സമ്പൂർണ പച്ചത്തുരുത്ത് പഞ്ചായത്തായി പ്രഖ്യാപിക്കും. ചിറ്റയം ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഹരിതകേരളം മിഷൻ സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.ടി.എൻ.സീമ തൊഴിലുറപ്പ് ഉദ്യോഗസ്ഥർക്ക് അവാർഡ് നൽകും.
തുരുത്തിലെത്തിയാൽ
ആര്യവേപ്പ്, അഗസ്ത്യച്ചീര, കണിക്കൊന്ന, ഉങ്ങ്, ഞാവൽ, നെല്ലി, നീർമരുത്, ദന്തപ്പാല, മാതളനാരകം തുടങ്ങി അനേകം വൃക്ഷത്തൈകളാൽ നിർമ്മിച്ചിരിക്കുന്ന ഈ ചെറുവനങ്ങൾ കാർബൺഡയോക്‌സൈഡ് ആഗിരണം ചെയ്ത് ദീർഘകാലം സൂക്ഷിക്കുന്ന കാർബൺ കലവറയായി മാറും. പച്ചത്തുരുത്തിനായി സ്ഥലം കണ്ടെത്തി പ്രകൃതിക്ക് അനുയോജ്യമായ സസ്യങ്ങൾ കൃഷി വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് നട്ടിരിക്കുന്നത്. മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം ആദ്യഘട്ടംമുതൽ 35 വർഷം വരെ ഇവ സംരക്ഷിക്കും.
പച്ചത്തുരുത്ത്
കാർഷിക ഭൂമിയുടെയോ വനഭൂമിയുടെയോ ഘടനയ്ക്ക് മാറ്റം വരുത്താതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗരഹിതമായി ഒഴിച്ചിട്ടിരിക്കുന്ന പൊതുസ്വകാര്യ സ്ഥലങ്ങളിൽ പ്രദേശത്തിന്റെ സവിശേഷതകൾക്കിണങ്ങുന്ന വൃക്ഷങ്ങൾ നട്ടുവളർത്തി ചെറുവനങ്ങളായി രൂപപ്പെടുത്തുന്ന ഹരിതകേരളം മിഷന്റെ നവീന ആശയമാണ് പച്ചത്തുരുത്ത്.
അതിജീവനത്തിന്റെ ചെറു തുരുത്തുകളായ പച്ചത്തുരുത്തുകൾ 51 എണ്ണം വിവിധ പഞ്ചായത്തുകളിലായി ജില്ലയിൽ പൂർത്തിയായി. അവയെല്ലാം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പരിപാലിച്ചുകൊണ്ടിരിക്കുകയാണ്. 2020 ജൂൺ 5 പരിസ്ഥിതി ദിനം എത്തുമ്പോൾ ജില്ലയിൽ 100 പച്ചത്തുരുത്തുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.
ആർ. രാജേഷ് ( ഹരിതകേരളം മിഷൻ
ജില്ലാ കോഓർഡിനേറ്റർ)
പച്ചത്തുരുത്തുകൾ (എണ്ണം)
കൊടുമണ്ണിൽ : 26
ജില്ലയിൽ : 51
ലക്ഷ്യമിടുന്നത്: 100