krishi
തകർന്ന റോഡും കടമ്പനാട് കൃഷിഭവനും

കടമ്പനാട്: കടമ്പനാട് പഞ്ചായത്ത് കൃഷിഭവൻ കെട്ടിടം അപകടഭീഷണിയിൽ. കോൺക്രീറ്റ് പൊളിഞ്ഞും മഴയിൽ ചോർന്നൊലിച്ചും ഭിത്തികൾക്ക് ബലക്ഷയമുണ്ടായിട്ടുണ്ട്.വൈദ്യുതി ബോർഡുകളിലും വയറിംഗിലും വെളളം ഇറങ്ങിയതിനാൽ ഷോക്കേൽക്കുമെന്നും ജീവനക്കാർ പറയുന്നു.കൃഷിഭവൻ മറ്റെവിടെക്കെങ്കിലും മാറ്റണമെന്നാവശ്യപ്പെട്ട് ജീവനക്കാർ പഞ്ചായത്തിന് കത്ത് നൽകി.1987ലാണ് ഇവിടെ കൃഷിഭവൻ തുടങ്ങിയത്.നാട്ടുകാർ പണം പിരിച്ച് വാങ്ങിയ 10സെന്റ് സ്ഥലത്ത് കൃഷിവകുപ്പ് ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കുകയായിരുന്നു. പിന്നീട് പഞ്ചായത്തിന് കൈമാറി.അശാസ്ത്രീയ നിർമ്മാണം കാരണം രണ്ടു വർഷമായപ്പോഴേക്കും കെട്ടിടം ചോർന്നൊലിച്ചു. ചോർച്ച മാറ്റാനായി രണ്ട് വർഷം മുൻപ് കൃഷിഭവൻ കടമ്പനാട് ജംഗ്ഷനിലേക്ക് മാറ്റിയിരുന്നു.അറ്റകുറ്റപ്പണി നടത്തിയ ശേഷം ഒന്നര വർഷമായി കൃഷിഭവന്റെ കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ മാസത്തെ മഴയിൽ കെട്ടിടം വീണ്ടും ചോർന്ന് തുടങ്ങി. ചുറ്റുമതിൽ തകർന്നു വീണിട്ടുണ്ട്. അടിത്തറയില്ലാതെ കട്ടയിൽ കെട്ടിപ്പൊക്കിയതാണ് ചുറ്റുമതിൽ.സമീപത്തെ റോഡ് നിർമ്മാണത്തിന് ലോറിയിൽ പാറ ഇറക്കിയപ്പോഴുണ്ടായ കുലുക്കത്തിൽ കൃഷിഭവൻ മതിൽ നിലംപൊത്തുകയായിരുന്നു.

വാഹന സൗകര്യമില്ല

വാഹന സൗകര്യം ഇല്ലാത്ത 16ാം വാർഡിലെ ഉൾപ്രദേശത്താണ് കൃഷിഭവൻ. കടമ്പനാട് ജംഗ്ഷനിൽ നിന്ന് രണ്ട് കിലോമീറ്ററോളം ദൂരമുണ്ട് കൃഷിഭവനിലേക്ക്. ഒാട്ടോറിക്ഷയിലാണ് കർഷകരും ജീവനക്കാരും കൃഷിഭവനിലെത്തുന്നത്. അറുപത് രൂപയാണ് ചാർജ് ഇൗടാക്കുന്നത്. ഒട്ടോറിക്ഷക്കാർ കാത്ത് നിൽക്കാത്തതിനാൽ കർഷകർ തിരിച്ച് കടമ്പനാട് ജംഗ്ഷനിലേക്ക് നടക്കണം. കൃഷിഭവന് 200മീറ്റർ അകലെ വരെ റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. പല ഭാഗങ്ങളിലും കോൺക്രീറ്റ് ഇളകി വലിയ കുഴികൾ രൂപപ്പെട്ടു. മഴയത്ത് മണ്ണ് റോഡിലൂടെ കൃഷിഭവനിൽ എത്തുമ്പോൾ കാൽ ചെളിയിൽ പുതയും. റോഡ് മുഴുവനായി കോൺക്രീറ്റ് ചെയ്ത് നൽകണമെന്ന് പഞ്ചായത്തിന് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ല.

അടിസ്ഥാന സൗകര്യങ്ങളില്ല

അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് കൃഷിഭവൻ കെട്ടിടം. കൃഷി ഒാഫീസർ അടക്കം ഏഴ് ജീവനക്കാരാണുളളത്.എല്ലാവർക്കും ഇരിക്കാനുളള ഇടമില്ല. ഫയലുകൾ സൂക്ഷിക്കുന്നതിന് സൗകര്യമില്ല. കൃഷിവകുപ്പിന്റെ വളം സൂക്ഷിക്കുന്നതിന് പ്രത്യേകം ഷെഡില്ല. ജീവനക്കാർ ഇരിക്കുന്ന സ്ഥലത്തും ഭിത്തിയുടെ വശങ്ങളിലുമാണ് വളവും വിത്തുകളും സൂക്ഷിക്കുന്നത്.

ജീവഭയത്തിലാണ് ജോലി ചെയ്യുന്നത്. കെട്ടിടം തകർന്നു വീഴാവുന്ന നിലയിലാണ്.

(ജീവനക്കാർ)