പത്തനംതിട്ട : മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഭക്തരുടെ വഴി തെറ്റിക്കാനായി നഗരത്തിലെ ദിശാബോർഡുകൾ.
സ്റ്റേഡിയം ജംഗ്ഷൻ, റിംഗ്റോഡ് പരിസരം, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, മൈലപ്ര എന്നിവിടങ്ങളിൽ ദിശാ ബോർഡുകൾ അടിത്തറയിൽ നിന്ന് ഇളകി ചാഞ്ഞും മറിഞ്ഞും നിൽക്കുകയാണ്. സ്റ്റേഡിയം ജംഗ്ഷനിൽ ദിശാബോർഡ് വൈദ്യുതി പോസ്റ്റിലേക്ക് മറിഞ്ഞ് കിടക്കുന്നു.
പല ദിശാബോർഡുകളിലെയും അക്ഷരത്തെറ്റുകൾ തീർത്ഥാടകരെ വലയ്ക്കുന്നുണ്ട്. കാട് മൂടിയും വള്ളിപ്പടർപ്പുകളാൽ ചുറ്റപ്പെട്ടും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിശാ ബോർഡുകൾ യാത്രക്കാരെ വഴി തെറ്റിക്കുന്നു. തുരുമ്പിച്ചും വളഞ്ഞും കാട് കയറിയും മഷി മാഞ്ഞും നിരവധി ദിശാ ബോർഡുകളുണ്ട്. ഇവ തീർത്ഥാടനത്തിന് മുൻപ് പുതുക്കി സ്ഥാപിക്കേണ്ട ജോലികൾ ആരംഭിച്ചിട്ടില്ല. ഒരേ സ്ഥലത്തേക്കുള്ള ദൂരം അടുത്തടുത്തുള്ള ബോർഡുകളിൽ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട നഗരസഭയുടെ ഇടത്താവളത്തിനു മുൻപിൽ ദിശാബോർഡുകളോ മുന്നറിയിപ്പ് സംവിധാനങ്ങളോ ഇല്ല. ഇടത്താവളം എവിടെയെന്നറിയാനും ബോർഡുകളില്ല. ദിശാ ബോർഡുകൾ വ്യക്തമായി കാണാൻ കഴിയാത്തത് അപകട സാദ്ധ്യത വർദ്ധിപ്പിക്കും.
മേലേവെട്ടിപ്രം ജംഗ്ഷനിൽ അപകടകരമായ നിലയിൽ ട്രാഫിക് ഐലൻഡ് പൊളിഞ്ഞു കിടക്കുന്നു. മണ്ഡല കാലത്തോട് അനുബന്ധിച്ച് നഗരത്തിൽ അടിയന്തരമായി നടത്തേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ വികസനം മന്ദഗതിയിലാണ്.