കോഴഞ്ചേരി : ഉപജില്ല പ്രവൃത്തി പരിചയമേളയിൽ സമ്പൂർണ്ണ ആധിപത്യവുമായി കടമ്മനിട്ട ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ഭൈരവി പാവനാടകവേദിയിലെ കുട്ടികൾ ശ്രദ്ധേയരായി.
പാവകളിക്കുള്ള പാവനിർമ്മാണ വിഭാഗത്തിൽ ഭൈരവിയുടെ മാർഗദർശകനായ എം.എം.ജോസഫ് മേക്കൊഴൂറിന്റെ ശിക്ഷണത്തിൽ പാവനിർമ്മാണം അഭ്യസിച്ച 5 കുട്ടികൾക്കാണ് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചത്.
എൽ.പി.വിഭാഗത്തിൽ അമലയും യു.പി.വിഭാഗത്തിൽ യദുകൃഷ്ണനും ഹൈസ്‌കൂൾ വിഭാഗത്തിൽ അനുജയും സെക്കന്ററി വിഭാഗത്തിൽ ശ്രീരാജുമാണ് ഈ നേട്ടം കരസ്ഥമാക്കിയവർ.
പത്തനംതിട്ട ഉപജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ അക്സ സിൻസാജും ഭൈരവിയുടെ കലാകാരിയാണ്.
സ്‌കൂൾതല പാവനാടക പ്രദർശനങ്ങൾക്കു പുറമേ മറ്റു സ്‌കൂളുകളിൽ പാവനാടക ശില്പശാലകളിലും ഈ കുട്ടികൾ ജോസഫ് സാറിനൊപ്പം സജീവമാണ്. സിന്തറ്റിക്കോട്ടൺ, സ്‌പോഞ്ച്, സോക്സ്, പൾപ്പ് തുടങ്ങിയവയാണ് പാവനിർമ്മാണത്തിനുപയോഗിച്ചത്. ചലിക്കുന്ന പാവകളെ നിർമ്മിച്ചു പ്രവർത്തിപ്പിച്ചു കാണിക്കുകയാണ് മത്സരത്തിന്റെ രീതി. ചരടു പാവകൾ, കൈയുറ പാവകൾ, വിരൽ പാവകൾ എന്നീ വിഭാഗത്തിലുമുള്ള പാവകളെ നിർമ്മിച്ചു.