കൊടുമണ്ണിലെ ഇടത്തിട്ടയിൽ തെളിയുന്ന ചൂട്ടുകറ്റകളുടെ തെളിച്ചം നിങ്ങൾ കണ്ടിട്ടുണ്ടോ ? കാലം പുരോഗമിക്കുകയും വൈദ്യുതി വിളക്കുകൾ വഴിയോരങ്ങളിൽ ഉജ്ജ്വലമായ വെളിച്ചം വിതറുകയും ചെയ്തിട്ടും ആ ചൂട്ടുകറ്റകൾ വർഷത്തിലൊരിക്കൽ ഇപ്പോഴും അവിടെ തെളിയുന്നുണ്ട്. ചന്ദനപ്പള്ളി സെന്റ് ജോർജ് ഒാർത്ത‌ഡോക്സ് പള്ളിപ്പെരുന്നാളിന്റെ റാസയ്ക്ക് വഴി തെളിക്കുകയാണ് അവ. റാസ കടന്നുപോകുന്ന വഴിയോരങ്ങളിലെ ഹൈന്ദവരാണ് അവ തെളിക്കുന്നത് എന്നുകൂടി അറിയുമ്പോഴേ ആ വെളിച്ചത്തിന്റെ ആഴവും പരപ്പും എത്ര വലുതാണെന്ന് മനസിലാകു.

ജാതിയും മതവും പണ്ടത്തേതിനേക്കാൾ ശക്തമായി തിരിച്ചുവരുന്ന സമകാലികമായ ചുറ്റുപാടുകളിൽ എന്തൊരാശ്വാസമാണെന്നോ ആ ചൂട്ടുകറ്റകളുടെ തെളിച്ചം നൽകുന്നത്. മതസാഹോദര്യത്തിന്റെ വലിയൊരു ചരിത്രത്തിന്റെ നിഴൽ ആ വെളിച്ചത്തിന് പിന്നിലുണ്ട്. ജാതിക്കും മതത്തിനും അതീതമായ സ്നേഹബന്ധങ്ങളിലൂന്നി ജീവിച്ച പഴയ മനുഷ്യന്റെ ജാഗ്രതയാണ് ആ ചുട്ടുകറ്റകൾ. ആരും പറമ്പുകൾ മതിൽകെട്ടിയടക്കാത്ത കാലമായിരുന്നു അത്. എല്ലാ പറമ്പുകളും മറ്റുള്ളവർക്കുള്ള വഴികളായിരുന്നു. ആരും വാതിലുകൾ കൊട്ടിയടയ്ക്കാത്ത കാലമായിരുന്നു അത്. എല്ലാ വാതിലുകളും എല്ലാവ‌ർക്കും കയറിയിറങ്ങാനുള്ളതായിരുന്നു.

പിറന്നാൾ ദിനത്തിന്റെ ആഘോഷം അടച്ചിട്ട മുറിയിൽ കുടുംബാംഗങ്ങൾ മാത്രമുള്ള കേക്ക് മുറിക്കലിൽ ഒതുങ്ങില്ലായിരുന്നു. അടുത്ത വീടുകളിലെ കുട്ടികളെയെല്ലാം വീട്ടിലേക്ക് ക്ഷണിച്ച് നിരയിട്ടിരുത്തി പായസം വിളമ്പി നൽകുമ്പോഴേ അവർക്ക് ആഘോഷം തൃപ്തി നൽകിയിരുന്നുള്ളു. പെസഹാ ദിനത്തിലെ വട്ടയപ്പവുമായി അയൽവീടുകളെല്ലാം കയറിയിറങ്ങിയാലേ മനസ് നിറയുമായിരുന്നുള്ളു. ഒാണവും ക്രിസ്മസും നബിദിനവും എല്ലാവരുടേയും ഉത്സവമായിരുന്നു. ആ കാലത്തിന്റെ ബാക്കിപത്രമാണ് ഇടത്തിട്ടയിലെ ചൂട്ടുകറ്റകൾ. പുരാതനമായ കാലത്ത് റാസയ്ക്ക് കടന്നുപോകാൻ വെളിച്ചത്തിന് മറ്റ് വഴികളില്ലാതെ വന്നപ്പോൾ നാട്ടിലെ ക്രിസ്ത്യൻ സഹോദരങ്ങൾക്ക് സഹായമായി എത്തിയതായിരിക്കണം ഹൈന്ദവർ. ആ അടിയന്തര സഹായം പിന്നീട് ആചാരമായി മാറുകയായിരുന്നു. നല്ലകാര്യം. കേരളത്തിന്റെ മതസാഹോദര്യത്തിന്റെ പൂർവകാല കഥകളിൽ ആദ്യ അദ്ധ്യായമായിത്തന്നെ ഇൗ ചൂട്ടുകറ്റ വെളിച്ചത്തെ നമുക്ക് എഴുതിച്ചേർക്കാം.

മതസൗഹാർദ്ദം കേവലം പ്രസംഗവിഷയമായി ഒതുങ്ങിയിരിക്കുന്നു പുതിയകാലത്ത്. പ്രസംഗം കേട്ട് ഗംഭീരമെന്ന് തലകുലുക്കുന്ന നമ്മൾ മടങ്ങുന്നത് ജാതിയുടെയും മതത്തിന്റെയും ഇടുങ്ങിയ ലോകത്തേക്കുതന്നെയാണ്. മനുഷ്യൻ എന്ന പച്ച ജീവിതത്തിന് മേൽ മറ്റൊരു മേലങ്കിഅണിഞ്ഞ് ജീവിക്കുകയാണ് നമ്മൾ. അവിടേക്കാണ് ഇടത്തിട്ടയിലെ ചൂട്ടുകറ്റ വെളിച്ചം തെളിയുന്നത്. റാസയിലെ പ്രാർത്ഥനാഗീതങ്ങൾക്കൊപ്പം വെളിച്ചത്തിന്റെ ഒാരായിരം ചൂട്ടുകറ്റകൾ മതാന്ധത ബാധിച്ച കണ്ണുകൾക്ക് മുന്നിൽ വന്ന് മുട്ടിവിളിക്കുകയാണ്. മഹാനായ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ ഒാർക്കുന്നു. വെളിച്ചത്തിനെന്തൊരു വെളിച്ചം എന്ന് എഴുതിയത് ബഷീറാണല്ലോ...