ചെങ്ങന്നൂർ: ശബരിമലയുടെ കവാടമായി ചെങ്ങന്നൂർ മാറിക്കഴിഞ്ഞുവെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമലയുടെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂരിൽ മണ്ഡല മകരവിളക്കു സീസണിനു മുൻപുള്ള മുന്നൊരുക്കൾ വിലയിരുത്താൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളുടെ സംയോജിച്ചുള്ള പ്രവർത്തനത്തിലൂടെ തീർത്ഥാടകർക്കായുള്ള സേവനങ്ങൾ പൂർണ്ണ വിജയത്തിൽ എത്തിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. റെയിൽവേ സ്റ്റേഷനിൽ നിന്നും അയ്യപ്പ ഭക്തർ മഹാദേവർ ക്ഷേത്രത്തിലേക്ക് വരുന്ന വഴിയിൽ വെള്ളാവൂർ ജംഗ്ഷനിൽ ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്ന വിഷയം ഭാവിയിൽ ദേവസ്വം ബോർഡ് ഏറ്റെടുക്കണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു. മഹാദേവർ ക്ഷേത്രത്തിലെ നടപ്പന്തലിനുള്ളിൽ രണ്ടായിരം ഭക്തർക്ക് വിരിവെക്കുന്നതിനായുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ക്ഷേത്ര പരിസരത്ത് കൂടുതൽ പൊലീസ് നിരീക്ഷണത്തിലുളള സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പു വരുത്തും. യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി അജിത, നഗരസഭ ചെയർമാൻ കെ.ഷിബുരാജൻ, ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വിശ്വംഭര പണിക്കർ, ദേവസ്വം ബോർഡ് ചീഫ് എഞ്ചിനീയർ കേശവദാസ്, തഹസീൽദാർ എസ് മോഹനൻ പിള്ള എന്നിവർ സംസാരിച്ചു.