03autostand

പത്തനംതിട്ട: പുതിയ ബസ് സ്റ്റാൻഡിന് മുന്നിലെ യാർഡിൽ മലിനജലം ഒഴുക്കി വിടാനായി കട ഉടമ അനധികൃതമായി ഒാടവെട്ടിയത് നഗരസഭ തടഞ്ഞു. കോൺക്രീറ്റ് ചെയ്ത യാർഡ് ജെ.സി.ബി ഉപയോഗിച്ച് വെട്ടിപ്പൊളിച്ച് പൈപ്പ് ഇടുന്നത് ശ്രദ്ധയിപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ വിവരം ഉടൻ നഗരസഭ സെക്രട്ടറിയേയും ചെയർപേഴ്‌സണെയും അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സഹായത്തോടെയാണ് കുഴി എടുക്കുന്നത് തടഞ്ഞത്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. ഓട്ടോ സ്റ്റാൻഡിന്റെ സ്ഥലത്താണ് കുഴിച്ചത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തായി സ്ഥാപിച്ചിട്ടുള്ള മാലിന്യ ടാങ്ക് നിറഞ്ഞ് ദുർഗന്ധം പുറത്തേക്ക് വമിക്കുന്നയായി പരാതി ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസം കളക്ടർ ബസ് സ്റ്റാൻഡ് സന്ദർശിച്ചപ്പോൾ നാട്ടുകാർ വൃത്തീഹീനമായ സ്റ്റാൻഡിന്റെ അവസ്ഥ സംബന്ധിച്ച് പരാതി പറഞ്ഞിരുന്നു. ഇതോടെ കടയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ കളക്ടർ നിർദ്ദേശിച്ചു. ഇതിന് ശേഷമാണ് മലിനജലം ഒഴുക്കി വിടാനായി വ്യാപാരി ഇവിടം കുഴിച്ചത്. ബസ് സ്റ്റാൻഡ് വൃത്തി ഹീനമാക്കുന്നതിൽ വ്യാപാരികൾക്ക് വലിയ പങ്കുള്ളതായി ആരോപണം ഉണ്ട്. സ്റ്റാൻഡിൽ അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുകയും മലിനജലം സ്റ്റാൻഡിലേക്ക് ഒഴുക്കി വിടുകയും ചെയ്യുന്നുണ്ട്. ഓട നിറഞ്ഞ് മാലിന്യങ്ങൾ കിടക്കുകയാണ്. ചപ്പുചവറുകളും ഭക്ഷണ അവശിഷ്ടങ്ങളും സ്റ്റാൻഡിൽ വലിച്ചെറിയുന്നുണ്ട്. ദുർഗന്ധം കാരണം യാത്രക്കാർക്ക് ഇവിടെ നിൽക്കാനെ പറ്റാത്ത അവസ്ഥയാണ്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃത നിർമ്മാണങ്ങൾ വർദ്ധിച്ച് വരികയാണ്. ചിലരാഷ്ട്രീയ പാർട്ടി നേതാക്കളുടെ പിൻബലത്തോടെയാണ് അനധികൃത നിർമ്മാണങ്ങൾ നടക്കുന്നതെന്നും ആരോപണമുണ്ട് . പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് കുടുംബകോടതി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പാർക്കിംഗ് സ്ഥലത്ത് അനധികൃതമായി കടമുറി പണിതതും വിവാദമായിരുന്നു.

"നഗരസഭയുടെ അനുവാദം കൂടാതെ ബസ് സ്റ്റാൻഡ് യാർഡ് വെട്ടിപൊളിച്ചത് പൂർവ സ്ഥിതിയിലാക്കണമെന്ന് കട ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇല്ലെങ്കിൽ നഷ്ടപരിഹാരം ഈടാക്കി നഗരസഭ തന്നെ പഴയസ്ഥിതിയിൽ ആക്കും. നഗരസഭയുടെ സ്ഥലത്തും നഗരസഭ പരിധിയിലും അനധികൃത നിർമ്മാണങ്ങൾ അനുവദിക്കില്ല. ശക്തമായ നടപടി സ്വീകരിക്കും."

റോസ്ലിൻ സന്തോഷ്

നഗരസഭാ ചെയർപേഴ്‌സൺ