പത്തനംതിട്ട : നാരങ്ങാനം സ്വദേശിയായ യുവതി മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി പരാതി. മലേഷ്യയിൽ താമസമാക്കിയ നാരങ്ങാനം സ്വദേശി ഷീനയാണ് ഇരുപതിലധികം യുവാക്കളെ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയത്. സോഷ്യൽ മീഡിയ വഴി മലേഷ്യയിൽ പവർപ്ലാന്റ് കമ്പനിയിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് യുവാക്കളിൽനിന്ന് നിന്ന് 60000 രൂപ വാങ്ങിയത്. ചെങ്ങന്നൂർ, പാലക്കാട്, തൃശൂർ, കോട്ടയം, കോഴഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ യുവാക്കളാണ് തട്ടിപ്പിനിരയായത്. 2017 ആഗസ്റ്റ് 3ന് ക്വാലാലംപൂർ എയർപോർട്ടിലെത്തിയ ആദ്യ ഇരുപത്പേരിൽ ഒമ്പത് പേരെ കൃത്യമായ രേഖയില്ലാത്തതിനാൽ പൊലീസ് അറസ്റ്റ് ചെയ്ത് തിരിച്ച് അയച്ചു. ഇതിനിടെ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള എട്ട് പേർകൂടി ഇവരോടൊപ്പം എത്തിയിരുന്നു. ബാക്കിയുള്ള എല്ലാവരേയും കിഷൻ, കുമാർ എന്ന് പേരുള്ള രണ്ട് പേരെ എൽപ്പിച്ച് ഷീന മടങ്ങി. ഒന്നര മാസത്തിന് ശേഷം ഇവരെ മെഡിക്കൽ എടുക്കാൻ കൊണ്ടു പോകുകയും. അതിൽ പരാജയപ്പെട്ട രണ്ട് പേരോട് വീണ്ടും ഇരുപതിനായിരം രൂപ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് എക്യുപ്മെന്റ് ഷോറൂമിൽ ജോലി ചെയ്യിപ്പിച്ച് 8000 രൂപ ശമ്പളം നൽകി. അമ്പതിനായിരത്തിലധികം ശമ്പളം നൽകുമെന്ന് പറഞ്ഞാണ് മലേഷ്യയിലേക്ക് കൊണ്ടു പോയതെന്ന് തട്ടിപ്പിനിരയായ പത്തനാട് കങ്ങഴ സ്വദേശിയായ ബിബിൻ പറയുന്നു. പിന്നീട് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് 19 പേർ തിരികെ വന്നു. നിലവിൽ രണ്ട് പേർ ഇപ്പോഴും അവിടെ ജോലിയില്ലാതെ കുടുങ്ങി കിടപ്പുണ്ട്. യുവതി നാട്ടിലുള്ളതായാണ് അറിവെന്നും ബിബിൻ പറയുന്നു. എസ്.പി, ഡി.വൈ.എസ്.പി,ആറന്മുള പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ തട്ടിപ്പിനിരയായവർ പരാതി നൽകിയിട്ടുണ്ട്. മൾട്ടി എൻട്രി വിസയ്ക്കാണ് യുവാക്കൾ മലേഷ്യയിൽ എത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനുമതിയില്ലാതെ മറ്റൊരു രാജ്യത്തേക്ക് ജോലിയ്ക്കായി ആരെയും കൊണ്ട് പോകാൻ കഴിയില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും ആറന്മുള എസ്.ഐ പറഞ്ഞു.