04-janeesh-kumar
കെ.യു. ജനീഷ് കുമാർ എം.എൽ .എ

കോന്നി: നിയോജകമണ്ഡലത്തിലെ വികസനനുമായി ബന്ധപ്പെട്ട പരമ്പരയ്ക്ക് കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ മറുപടി. കോന്നി ഗവ.മെഡിക്കൽ കോളേജിന്റെ പണികൾ സമയബന്ധിതമായി പൂർത്തിയാക്കും. ഒ.പി.വിഭാഗം ഉടനെതന്നെ പ്രവർത്തനമാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഒ.പി.വിഭാഗം തുടങ്ങി മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയിൽ നിന്ന് അനുമതി നേടി വിദ്യാർത്ഥികൾക്ക് പ്രവേശനം നടത്തുന്നതിനുള്ള നടപടികൾ നടപ്പിലാക്കും. കിഫ്ബിയിലൂടെ മെഡിക്കൽ കോളേജിന്റെ രണ്ടാം ഘട്ടനിർമ്മാണ പ്രവർത്തനങ്ങൾക്കായി 351കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്.പുനലൂർ​ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നവീകരണവും സമയബന്ധിതമായി പൂർത്തികരിക്കും. ഇതിനായി കോന്നി ​ പ്ലാച്ചേരി റീച്ചിന്റെ റീടെൻഡറിനായി നിയമസഭയിൽ ആദ്യ സബ്മിഷൻ ഉന്നയിച്ചിരുന്നു.കോന്നി ​പുനലൂർ റീച്ചിന്റെ പണികൾ തുടങ്ങുന്നതിന് മുന്തിയ പരിഗണന നൽകും.

റോഡ് വികസനം പൂർത്തിയാവുന്നതോടെ എം.സി.റോഡിലെ ഗതാഗത കുരുക്കൊഴിവാക്കാനും കഴിയും.ശബരിമല ഭക്തർക്ക് ഏറെ പ്രയോജനം ചെയ്യുന്ന റോഡാണിത്.മലയോര മേഖലയിലെ കർഷകരുടെ കൈവശഭൂമിക്ക് ഉപാധിരഹിത പട്ടയം നൽകും. ഇതിനുള്ള നടപടികൾ നടക്കുകയാണ്.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൊടുത്തത് പട്ടയമാണെന്ന് പറയാൻ കഴിയില്ല. കേന്ദ്ര​ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് ഇത് നൽകിയത്.എല്ലാ നിയമ നടപടികളും പൂർത്തിയാക്കി ഉപാധിരഹിത പട്ടയമാവും നൽകുക.മലയോര മേഖലയിലെ കുടിയേറ്റ കർഷകർ നേരിടുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ ശ്രമിക്കും. കാർഷിക വിളകൾ നശിച്ചവർക്ക് കാലതാമസം കൂടാതെ നഷ്ടപരിഹാരം നൽകുന്നതിന് നടപടി സ്വീകരിക്കും.

കോന്നി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ബൈപ്പാസിന്റെ സാദ്ധ്യതകൾ പരിശോധിക്കും. മുടങ്ങി കിടക്കുന്ന കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന്റെ പണികൾ പൂർത്തിയാക്കാൻ ഗതാഗത മന്ത്രിയുമായി ചർച്ച നടത്തും. ചിറ്റൂർ കടവ് പാലത്തിന്റെ പണികൾ പൂർത്തിയാക്കുന്നതിലെ തടസം നീക്കുന്നതിന് സർക്കാരുമായി ചർച്ച നടത്തി വേണ്ട നടപടികൾ സ്വീകരിക്കും. ആവണിപ്പാറയിലെ ആദിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കും. ഇവിടെ പാലം നിർമ്മിക്കുന്നതിലെ തടസം നീക്കുന്നതിന് വനംമന്ത്രിയുമായി ചർച്ച നടത്തും. ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനുള്ള ഫണ്ടുകൾ താമസം കൂടാതെ അനുവദിക്കുന്നതിനും ഇതിലൂടെ ഗ്രാമവാസികളുടെ യാത്ര സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ശ്രമിക്കും.