ksrtc

പത്തനംതിട്ട : ശമ്പളത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ട് പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി പണിമുടക്കിൽ യാത്രാക്ലേശം രൂക്ഷമായി. ഞായറാഴ്ച രാത്രി 12 മുതൽ ആരംഭിച്ച പണി മുടക്ക് നിരവധി യാത്രക്കാരെ വലച്ചു. രാത്രിയിൽ ബസ് സ്റ്റാൻഡിലെത്തിയ പലരും കുടുങ്ങി. ഓട്ടോറിക്ഷ മാത്രമായിരുന്നു ആശ്രയം.

പത്തനംതിട്ട ഡിപ്പോയിൽ നിന്നുള്ള ദീർഘ ദൂര ബസുകളെല്ലാം സർവീസ് നടത്തി. ദിവസം 65 സർവീസാണ് പത്തനംതിട്ടയിൽ നിന്ന് ഒാപ്പറേറ്റ് ചെയ്യുന്നത്. 34 സർവീസുകൾ ഇന്നലെ നടത്തി. ദീർഘ ദൂര സർവീസുകളിൽ ഒരു എറണാകുളം ഒഴികെ ബാക്കി എല്ലാ സർവീസുകളും പുറപ്പെട്ടു. പത്തനംതിട്ട ഡിപ്പോയിൽ നിന്നുള്ള ലോക്കൽ സർവീസുകളായിരുന്നു റദ്ദാക്കിയവയിൽ ഭൂരിഭാഗവും. കോട്ടമൺപാറ, ആങ്ങമുഴി, കടമ്മനിട്ട, തലച്ചിറ സർവീസുകൾ മുടങ്ങി.

മല്ലപ്പള്ളിയിൽ 31 സർവീസുകളിൽ 29 എണ്ണവും ഒാപ്പറേറ്റ് ചെയ്തു. തിരുവല്ല, കോട്ടയം -കോഴഞ്ചേരി സർവീസ് നിർത്തിവച്ചു.

ചെങ്ങന്നൂർ നിന്ന് രാവിലെ 6.45ന് പത്തനംതിട്ടയിലെത്തുന്ന പമ്പാ ബസ് സർവീസ് നിറുത്തിയത് യാത്രക്കാരെ വലച്ചു. പണിമുടക്കുകളിൽ നിന്ന് പമ്പാ സർവീസുകളെ ഒഴിവാക്കിയിരുന്നു. പന്തളത്തെ ആകെയുള്ള 21 സർവീസുകളും മുടങ്ങി.

ഡിപ്പോ, മുടങ്ങിയ സർവീസ്, ആകെയുള്ള സർവീസ് ബ്രായ്ക്കറ്റിൽ ക്രമത്തിൽ

പത്തനംതിട്ട : 34 (65)

പന്തളം :21(21)

മല്ലപ്പള്ളി : 29 (32)