പത്തനംതിട്ട: മണ്ണിടിച്ചിലുണ്ടായ കോന്നി പൊന്തനാംകുഴി കോളനിയിലെ ഒരു ഭാഗം വാസയോഗ്യമല്ലെന്ന ജിയാേളജി വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്ന് ആശങ്കയിലാണ് 34 കുടുംബങ്ങൾ. കഴിഞ്ഞമാസം 21ന് മണ്ണിടിഞ്ഞ ദിവസം ഒറ്റരാത്രി കൊണ്ടാണ് ഇത്രയും കുടുംബങ്ങളെ ഒഴിപ്പിച്ചത്. മണ്ണ് അനക്കി ഒരു പുൽക്കൊടി പോലും നട്ടുപോകരുതെന്നായിരുന്നു കോളനിക്കാർക്ക് സ്ഥലം സന്ദർശിച്ച ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ മുന്നറിയിപ്പ്. എന്നാൽ, ദുരിതാശ്വാസ ക്യാമ്പിൽ ഒരാഴ്ച പിന്നിട്ടപ്പോൾ അഞ്ച് കുടുംബങ്ങൾ ഒഴികെ മറ്റുളളവർ കോളനിയിലേക്ക് മടങ്ങിപ്പോകാനാണ് വില്ലേജ് അധികൃതർ നൽകിയ നിർദേശം. വാസയോഗ്യമല്ലെന്ന് ജിയോളജി വകുപ്പ് പറഞ്ഞ സ്ഥലത്തേക്ക് തങ്ങൾ എങ്ങനെ തിരികെപ്പോകുമെന്ന കോളനിക്കാരുടെ ചോദ്യത്തിന് അധികൃതർക്ക് മറുപടിയില്ല.
മണ്ണിടിഞ്ഞ ഭാഗത്തെ അഞ്ച് കുടുംബങ്ങൾക്ക് മറ്റെവിടെയെങ്കിലും ഭൂമി വാങ്ങാൻ ആറ് ലക്ഷം രൂപ വീതവും വീട് വയ്ക്കാൻ നാല് ലക്ഷം വീതവും അനുവദിക്കുമെന്നാണ് വില്ലേജിൽ നിന്ന് അറിയിച്ചിരിക്കുന്നത്. ഏതു നിമിഷവും മണ്ണിടിച്ചിലുണ്ടായി നാശനഷ്ടങ്ങൾ സംഭവിക്കാമെന്ന് അധികൃതർ റിപ്പോർട്ട് നൽകിയ സ്ഥിതിക്ക് മുന്നിലൊരു വഴിയില്ലാതെ ഭീതിയിലാണ് മറ്റ് കുടുംബങ്ങൾ. പൊന്തനാംകുഴിയിൽ താമസിക്കാൻ പറ്റുമെന്ന് ജില്ലാ കളക്ടർ ഉറപ്പു നൽകിയാൽ വീടുകളിലേക്ക് മടങ്ങിപ്പൊയ്ക്കൊളളാമെന്നാണ് താമസക്കാർ പറയുന്നത്.
സമീപത്തെ അംഗൻവാടി കെട്ടിടത്തിലാണ് ദുരിതാശ്വാസ ക്യാമ്പ്. കൊച്ചി മരടിൽ സമ്പന്നരുടെ ഫ്ളാറ്റ് ഒഴിപ്പിക്കണമെന്ന് കോടതി പറഞ്ഞപ്പോൾ രാഷ്ട്രീയക്കാരും ഭരണകൂടവും താമസക്കാർക്ക് സംരക്ഷണമൊരുക്കാൻ ഒാടിയെത്തിയിരുന്നു. എന്നാൽ, പൊന്തനാംകുഴി കോളനിയിലെ വീടുകളിൽ നിന്ന് താമസക്കാരെ നിർബന്ധിച്ച് പുറത്താക്കിയ പൊലീസും റവന്യു അധികൃതരും പിന്നീട് ഇൗ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. കൂലിവേല ചെയ്ത് ഉപജീവനം കഴിയുന്ന കുടുംബങ്ങൾ കിടപ്പാടമില്ലാതെ പെരുവഴിയിലാകുന്ന സ്ഥിതിയിലാണ്. കുട്ടികളും രോഗബാധിതരുമൊക്കെയായി 120 ആളുകൾ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് ആരോഗ്യ വകുപ്പ് തിരിഞ്ഞു നോക്കിയിട്ടില്ല. കോന്നി താലൂക്ക് ആശുപത്രിക്ക് വിളിപ്പാടകലെയാണ് ദുരുതാശ്വാസ ക്യാമ്പ്.
ഭൂമി വാസയോഗ്യമല്ലെന്ന് റിപ്പോർട്ട് ചെയ്തതോടെ കോളനിക്കാരുടെ ജീവിതം തകിടം മറിഞ്ഞിരിക്കുകയാണ്. സമീപത്തെ ഒരു വീട് 9.5ലക്ഷം രൂപയ്ക്ക് വിൽക്കാൻ ധാരണപത്രം എഴുതാനിരുന്നതാണ്. വാസയോഗ്യമല്ലെന്ന വിവരം പുറത്തു വന്നതോടെ വീടും സ്ഥലവും വാങ്ങാനിരുന്നവർ അഡ്വാൻസ് തുക തിരികെ വാങ്ങി. കോളനിയിലെ ചെറുപ്പക്കാർക്ക് ഇനി പെണ്ണ് കിട്ടുമോയെന്നാണ് മറ്റൊരാശങ്ക.
>>
ആശങ്കയിൽ 34 കുടുംബങ്ങൾ
ക്യാമ്പിൽ 120 പേർ
ഭീതി നിറഞ്ഞ നാളുകൾ
ചെങ്കുത്തായ മലയിൽ പാറകളുടെ നിരപ്പ് ഭാഗത്താണ് പൊന്തനാംകുഴി കോളനിയിലെ വീടുകൾ. റോഡ് നിരപ്പിൽ നിന്ന് 250മീറ്റർ വരെ ഉയരമുളള ഭാഗത്ത് വീടുകളുണ്ട്. റോഡിൽ നിന്ന് നൂറ് മീറ്റർ ഉയരത്തിൽ നിന്നാണ് മണ്ണും പാറക്കഷണങ്ങളും ഇടിഞ്ഞ് വീണത്. മണ്ണിടിഞ്ഞ് വരുന്നത് ആദ്യം കണ്ടത് കുഴുവേലൽ പുത്തൻവീട്ടിൽ തുളസിയാണ്. കോന്നി ഉപതിരഞ്ഞെടുപ്പ് ദിവസമായതിനാൽ കോളനിയിലുളളവർ വോട്ടുചെയ്യാനും ജോലിക്കുമായി പോയിരുന്നു. രാവിലെ എട്ടര കഴിഞ്ഞാണ് മണ്ണിടിച്ചിലുണ്ടായത്.
" പേടിപ്പിക്കുന്ന ഇരപ്പ് കേട്ട് വീടിന് വെളിയിലിറങ്ങി. എന്താണ് നടക്കുന്നതെന്ന് പിടികിട്ടിയില്ല. അടുത്ത പാറയുടെ മുകളിലേക്ക് ഒാടിക്കയറി നോക്കിയപ്പോൾ വലിയ പുക ഉയരുന്നത് കണ്ടു. മലപോലെ എന്തോ മുന്നോട്ടുവരുന്നതും കണ്ടു. അലറിക്കൊണ്ട് ഞാൻ താഴേക്ക് ഒാടിയിറങ്ങുകയായിരുന്നു. നിമിഷങ്ങൾക്കുളളിൽ മലവെളളവും പാറക്കഷണങ്ങളും പാഞ്ഞുവരുന്നത് കണ്ടു. വീട് തകരുമെന്നാണ് കരുതിയത് " - തുളസി പറഞ്ഞു.
മുരുപ്പേൽ രാഘവന്റെ വീടിന്റെ പിന്നിലേക്കാണ് മലവെളളവും പാറയും ഒഴുകിപ്പതിച്ചത്. രാഘവൻ, മനോഹരൻ, അശ്വതി, രാജപ്പൻ, പൊടിയൻ എന്നിവരുടെ വീടുകൾ വാസയോഗ്യമല്ലെന്ന് അധികൃതർ അറിയിച്ചു. ഇവർക്ക് വസ്തു വാങ്ങാനും വീടുവയ്ക്കാനും കൂടി പത്ത് ലക്ഷം വീതമാണ് അനുവദിച്ചത്. ഇൗ തുക കൊണ്ട് വസ്തു പോലും ലഭിക്കില്ലെന്നാണ് ഇവർ പറയുന്നത്. സർക്കാർ, ഭൂമി വാങ്ങി വീട് വച്ച് നൽകണമെന്നാണ് അവരുടെ ആവശ്യം.
>>
മാറാൻ ആവശ്യപ്പെട്ടത് 5 വീട്ടുകാരോട്
പൊന്തനാംകുഴി കോളനിയിൽ അഞ്ച് വീടുകളാണ് വാസയോഗ്യമല്ലാത്തതായി കണ്ടെത്തിയതെന്ന് കോന്നി വില്ലേജ് അധികൃതർ പറഞ്ഞു. ഇവർക്ക് ഭൂമിയും വീടുമില്ലെങ്കിൽ 10ലക്ഷം വീതം അനുവദിക്കും. എവിടെയെങ്കിലും ഭൂമിയുളളവർക്ക് വീട് വയ്ക്കാൻ നാല് ലക്ഷം അനുവദിക്കും. മറ്റ് കുടുംബങ്ങളോട് വീടുകളിലേക്ക് മടങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയുളളപ്പോൾ മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തൂക്കായ പാറകളുളള പ്രദേശമായതിനാൽ ഉരുൾപൊട്ടൽ സാദ്ധ്യത തളളാനാവില്ല.