cherva-ela
വിത്തിറക്കി

കൊടുമൺ: കൊടുമൺ പഞ്ചായത്തിലെ തരിശുനില നെൽകൃഷിയുടെ ഭാഗമായി ചേരുവ ഏലായിൽ വിത്തിറക്കി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ വിതയുത്സവം ഉദ്ഘാടനം ചെയ്തു.കൊടുമണ്ണിന തരിശുരഹിത പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് നെൽക്കൃഷി പുന:രാരംഭിക്കുന്നത്.കുമ്പിക്കോണം,ചെറുകര,കാരിക്കൽ ,മംഗലത്ത് ഏലാകൾ ഇതിനോടകം തന്നെ പൂട്ടിയൊരുക്കി കഴിഞ്ഞു.15 വർഷത്തിലധികമായി കൃഷിയില്ലാതെ കിടന്ന പാടശേഖരത്താണിപ്പോൾ കർഷകർ ഒത്തുചേർന്ന് കൃഷിയിറക്കിയിട്ടുള്ളത്.നിലം ഉടമകളും പാട്ടകൃഷിക്കാരുമായി കഴിഞ്ഞവർഷം 227 കർഷകർക്കാണ് നെൽകൃഷി ഉണ്ടായിരുന്നത്. ഇക്കുറി 300 ലധികം കർഷകരാണ് കൃഷി ചെയ്യാൻ സന്നദ്ധരായിറങ്ങിയതെന്ന് കൃഷി ആഫീസർ ആദില പറഞ്ഞു. കാർഷിക മേഖലയിലേക്ക് പുതിയതായി ആളുകൾ കടന്നു വരുന്നത് ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദനത്തിലും തൊഴിലും വരുമാനത്തിലും വൻ വർദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതർ. കൃഷിക്കാവശ്യമായ വിത്തും വളവും കൂലിച്ചെലവും ത്രിതല പഞ്ചായത്തുകൾ സൗജന്യമായി നൽകുന്നതാണ് കർഷകരെ വീണ്ടും പാടത്തിറക്കിയത്.ഏലാ സമിതി പ്രസിഡന്റ് എ.എൻ സലീം അദ്ധ്യക്ഷത വഹിച്ചു.പറക്കോട്കൃഷി അസിസ്റ്റന്റ് ഡയറക്ടർ എ.സുരേഷ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ.എസ് ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.