തിരുവല്ല: എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതി മൂന്നാം ഘട്ടത്തിന് തുടക്കം കുറിക്കുന്നു.ഒന്നും രണ്ടും ഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് മൂന്നാം ഘട്ടത്തിലെ പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് തല അവലോകന യോഗത്തിൽ തീരുമാനമായി. വിവിധ സ്‌കീമുകളിൽ പണം ലഭിച്ചിട്ടും വീട് പണി പൂർത്തിയാക്കാത്തവർക്ക് അധിക ധനസഹായം നൽകുന്നതായിരുന്നു ഒന്നാം ഘട്ടം.സ്വന്തമായി സ്ഥലമുണ്ടെങ്കിലും വീടില്ലാത്തവരായിരുന്നു രണ്ടാം ഘട്ടത്തിന്റെ ഗുണഭോക്താക്കൾ. പുളിക്കീഴ് ബ്ലോക്കിൽ രണ്ടാംഘട്ടം 78 ശതമാനം പൂർത്തീകരിച്ചു. ശേഷിച്ചവ ഉടൻ പൂർത്തീകരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ സി.പി സുനിൽ പദ്ധതി വിശദീകരണം നടത്തി.പഞ്ചായത്ത് പ്രസിഡന്റുമാരായ ലതാ പ്രസാദ്, മിനിമോൾ ജോസ്, ശ്രീലേഖ രഘുനാഥ് എന്നിവർ പ്രസംഗിച്ചു.


വീടും സ്ഥലവും ഇല്ലാത്തവർക്ക് ഫ്‌ളാറ്റ്

സ്വന്തമായി സ്ഥലവും വീടും ഇല്ലാത്തവരെയാണ് ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഘട്ടത്തിലേക്ക് 118 ഗുണഭോക്താക്കളെയാണ് പുളിക്കീഴ് ബ്ലോക്ക് പരിധിയിൽ കണ്ടെത്തിയിരിക്കുന്നത്.നിരണം പഞ്ചായത്തിൽ 19,കടപ്ര പഞ്ചായത്തിൽ 45,നെടുമ്പ്രം പഞ്ചായത്തിൽ 12,പെരിങ്ങര പഞ്ചായത്തിൽ 18,കുറ്റൂർ പഞ്ചായത്തിൽ 24എന്നിങ്ങനെയാണ് വീടുംസ്ഥലവും ഇല്ലാത്തവരുടെ കണക്കെടുത്തിരിക്കുന്നത്.പഞ്ചായത്തുകൾ കണ്ടെത്തുന്ന സ്ഥലത്ത് ഈ കുടുംബങ്ങൾക്ക് വേണ്ടി ഫ്‌ളാറ്റ് സമുച്ചയങ്ങൾ ലൈഫ് മിഷൻ പദ്ധതിയിൽ നിർമ്മിച്ചു നൽകും. ഇതിനായി അനുയോജ്യമായ സ്ഥലം നവംബർ 15 നകം കണ്ടെത്തി ലൈഫ് മിഷന് കൈമാറുവാൻ അവലോകന യോഗം തീരുമാനിച്ചു.