കൊടുമൺ: കാന പണിയാൻ റോഡ് കുഴിച്ച് കുളമാക്കി പൊതുമരാമത്ത്. ഏഴംകുളം - കൈപ്പട്ടൂർ റോഡിൽ ഇടത്തിട്ട ജംഗ്ഷന് സമീപത്തെ ഗുരുമന്ദിരത്തിലേക്കുളള വഴിയുമടഞ്ഞു. ശാഖായോഗവും നാട്ടുകാരും പരാതിപ്പെട്ടിട്ടും അധികൃതർ കണ്ണ് തുറക്കുന്നില്ല. ഇടത്തിട്ട ജംഗ്ഷനിൽ ഗുരുമന്ദിരത്തിലേക്കുളള വാതിലിന് മുന്നിലൂടെയാണ് കാന പണിഞ്ഞത്. മണ്ണിട്ട് മൂടിയത് മഴയിൽ അപ്പാടെ ഒലിച്ചു പോയതോടെ 25മീറ്റർ നീളത്തിൽ മൂന്നടി താഴ്ചയിലും വീതിയിലും കുഴിയായി. ഇത് കാരണം ഗുരുമന്ദിരത്തിലെ പൂജാ കർമ്മങ്ങളിൽ പങ്കെടുക്കാൻ ശ്രീനാരായണീയർക്ക് കഴിയുന്നില്ല. ആളുകൾ കുഴിയിൽ വീഴാതിരിക്കാൻ കയർ കെട്ടിയിരിക്കുകയാണ്. മണ്ഡലകാലത്തോടനുബന്ധിച്ച് ഗുരുമന്ദിരത്തിൽ ഇൗ മാസം 17 മുതൽ 41ദിവസം ചിറപ്പ് നടത്തുന്നുണ്ട്. കാന മൂടി ശാസ്ത്രീയമായി ഉറപ്പിച്ചില്ലെങ്കിൽ ചിറപ്പ് ഉത്സവത്തിന് ശ്രീനാരായണീയർക്ക് ഗുരുമന്ദിരത്തിലേക്ക് പ്രവേശിക്കാൻ പറ്റില്ല. ഇക്കാര്യം പൊതുമരാമത്ത് വകുപ്പിന്റെ തിരുവനന്തപുരം ഒാഫീസിലെ പരാതി വിഭാഗത്തിൽ അറിയിച്ചിട്ട് ഒരാഴ്ചയിലേറെയായി. നടപടിയെടുക്കാമെന്ന് ഉറപ്പ് നൽകിയതല്ലാതെ ഒന്നും നടന്നില്ല. കഴിഞ്ഞ മാസം 14നാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ്ലൈൻ ഇടാൻ കാന പണിതത്. പൈപ്പിട്ട് കാന മണ്ണിട്ട് മൂടിയിരുന്നു. ഇത് അശാസ്ത്രീയമായിട്ടാണെന്ന് പരാതി ഉയർന്നിരുന്നു. അടൂർ - പത്തനാപുരം റോഡ് പണി കരാറെടുത്തയാളാണ് ഏഴംകുളം - കൈപ്പട്ടൂർ റോഡും കരാറെടുത്തത്. നിർമ്മാണം പൂർത്തിയായ അടൂർ - പത്തനാപുരം റോഡിലെ ടാറിംഗ് താഴ്ന്നുപോയി കുഴിയായതിനെപ്പറ്റി വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെ ഇടത്തിട്ട ഭാഗത്തെ കാനയിലെ മണ്ണ് നീക്കി മെറ്റലിട്ട് ഉറപ്പിക്കാൻ ശ്രമം നടന്നു. ഇതിനിടെ പെയ്ത കനത്തമഴയിൽ കാനയിലെ മെറ്റലും മണ്ണും ഒലിച്ചുപോയതോടെയാണ് വീണ്ടും കുഴി രൂപപ്പെട്ടത്. കാന ശാസ്ത്രീയമായി മൂടി ടാർ ചെയ്ത് ഉറപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ശാസ്ത്രീയമായി കാന മൂടി ടാർ ചെയ്യാൻ അടിയന്തര നടപടിയുണ്ടാകണം.
ആർ.ഹരി(എസ്.എൻ.ഡി.പി യോഗം
ശാഖാ പ്രസിഡന്റ്)