തിരുവല്ല: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്ക് തിരുവല്ലയിൽ പൂർണ്ണം. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ജീവനക്കാർ കൂട്ടത്തോടെ പണിമുടക്കിൽ പങ്കെടുത്തതോടെ യാത്രക്കാർ വലഞ്ഞു. ബാംഗ്ലൂർ, മധുരാ, തെങ്കാശി എന്നീ അന്തർ സംസ്ഥാന സർവ്വീസ് ഒഴികെയുള്ള മറ്റു സർവീസുകളെല്ലാം മുടങ്ങി. ശമ്പള വിതരണത്തിലെ അനിശ്ചിതത്വത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അനുകൂല സംഘടനയായ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ട് ആഹ്വാനം ചെയ്ത പണിമുടക്കിൽ ഭൂരിഭാഗം ജീവനക്കാരും പങ്കെടുത്തു. രാവിലെ മുതൽ പല സ്ഥലങ്ങളിലേക്കും പോകേണ്ട യാത്രക്കാർ ബസ് സ്റ്റേഷനിൽ പ്രതീക്ഷയോടെ കാത്തുനിൽക്കുന്നത് കാണാമായിരുന്നു. മറ്റു ഡിപ്പോകളിൽ നിന്ന് എത്തിയ ദീർഘദൂര ബസുകളാണ് കുറച്ചു പേർക്കെങ്കിലും ആശ്വാസമായത്. രാവിലെയും വൈകിട്ടും കുട്ടികളും സ്ത്രീകളും ഓഫീസുകളിലെ ജീവനക്കാരുമൊക്കെ ബസ് തേടിയെത്തിയെങ്കിലും നിരാശരായി മടങ്ങേണ്ടി വന്നു. ദേശാസാത്കൃത റൂട്ടായ ഹരിപ്പാട്, എടത്വ, തകഴി, അമ്പലപ്പുഴ, ആലപ്പുഴ റൂട്ടുകളിലെ യാത്രക്കാരാണ് ഏറെ കുഴഞ്ഞത്. പലർക്കും സമയത്ത് സ്‌കൂളുകളിലും ഓഫീസുകളിലുമൊക്കെ എത്തിചേരാൻ കഴിഞ്ഞില്ല. ടാക്സികളെയും മറ്റു ആശ്രയിച്ചായിരുന്നു കൂടുതൽ പേരും ഇന്നലെ യാത്ര ചെയ്തത്. ഡിപ്പോയിലെ ആകെയുള്ള 68 സർവീസുകളിൽ 64 എണ്ണവും തടസ്സപ്പെട്ടു. ഇവിടുത്തെ സ്ഥിര ഡ്രൈവർമാരായ 41 പേരിൽ 37 പേരും പണിമുടക്കിയതോടെ ഡിപ്പോയിൽ നിന്ന് ബസുകൾ ഇറക്കാൻ കഴിയാത്ത സ്ഥിതിയായി. രാവിലെ 6.10ന് പത്തനംതിട്ടയ്ക്കുള്ള ഒരു സർവ്വീസ് മാത്രമേ പുറപ്പെട്ടുള്ളൂ. ഡിപ്പോയിൽ ഏറ്റവുമധികം കളക്ഷൻ ലഭിക്കുന്ന തിങ്കളാഴ്ച പണിമുടക്ക് നടന്നത് ഡിപ്പോയുടെ വരുമാനത്തെയും സാരമായി ബാധിച്ചു. തിങ്കളാഴ്ച ദിവസങ്ങളിൽ ഏഴു മുതൽ എട്ടുലക്ഷം രൂപ വരെയാണ് ഡിപ്പോയിൽ കളക്ഷൻ ലഭിക്കാറുള്ളത്.
തിരുവല്ല ഡിപ്പോ :
ആകെ സർവീസുകൾ: 68
തടസപ്പെട്ടത് : 64