അടൂർ: അടൂർ ഡിപ്പോയിൽ സർവീസ് റദ്ദാക്കൽ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് കാരണം ബസ് ലഭിക്കാതെ യാത്രക്കാർ വലയുന്നതിനിടെ റിസർവേഷനില്ലെന്ന കാരണം പറഞ്ഞ് അടൂർ - മണിപ്പാൽ സർവീസ് റദ്ദാക്കി.സ്വകാര്യ ബസ് ലോബിയെ സഹായിക്കാൻ ഡിപ്പോയുടെ പ്രസ്റ്റീജ് സർവീസായിരുന്ന ഉദയഗിരി നിറുത്തലാക്കിയിട്ട് ഒരു മാസത്തിലേറെയാകുന്നു. അടുത്ത ലക്ഷ്യം രാത്രികാല സ്വകാര്യ സർവീസുകാരുടെ കണ്ണിലെ കരടായി മാറിയ മണിപ്പാൽ സർവീസ് എങ്ങനെയും മുടക്കുക എന്ന തിരക്കഥയാണ് നടക്കുന്നതെന്ന് അടൂർ ബസ് പാസഞ്ചേഴ്സ് ഫോറം പ്രവർത്തകർ ആരോപിക്കുന്നു.അടൂർ - ആങ്ങമൂഴി ചെയിൻ സർവീസ് നിറുത്തലാക്കിയതും ഇതിന്റെ ഭാഗമാണെന്ന് ഫോറം ഭാരവാഹികൾ ആരോപിച്ചു.ഇത്രയേറെ പ്രശ്നങ്ങളൾ ഉണ്ടായിട്ടും ഫലപ്രദമായി പ്രവർത്തിക്കേണ്ട എം.എൽ എയുടെ നിലപാടിൽ ശക്തമായ പ്രതിഷേധമുണ്ട്.അടൂർ, പന്തളം ഡിപ്പോൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഉന്നതതല യോഗം ചേരുമെന്ന എം.എൽ.എയുടെ പ്രസ്ഥാവന വെറും പ്രഹസനമായി.ആദ്യ തീയതി നിശ്ചയിച്ചത് കഴിഞ്ഞ മാസം 9നായിരുന്നു. ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ പേരു പറഞ്ഞ് ഇത് മാറ്റിവച്ചു.തുടർന്ന് കഴിഞ്ഞ 29ന് ചേർന്ന യോഗത്തിലും നടപടിയായിട്ടില്ല. താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരെ കൂടി പങ്കെടുപ്പിച്ച് ഇന്നലെ തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിൽ വിപുലമായ യോഗം ചേരുമെന്ന പ്രഖ്യാപനവും നടപ്പിലായില്ല. ഫലത്തിൽ യോഗം ചേരുമെന്ന് പറഞ്ഞ് ഓരോ മാസങ്ങളും തള്ളി നീക്കുമ്പോഴും ഡിപ്പോയുടെ പ്രസ്റ്റീജ് സർവീസുകൾ ഒന്നൊന്നായി ഇല്ലാതാകുകയാണ്.
ബസ് ലഭിക്കാതെ യാത്രക്കാർ വലഞ്ഞപ്പോൾ കേവല റിസർവേഷന്റെ പേര് പറഞ്ഞ് മണിപ്പാൽ സർവീസ് ഏകപക്ഷീയമായി നിറുത്തലാക്കിയ എ.ടി.ഒ യുടെ നിലപാട് യാത്രക്കാരോടുള്ള വെല്ലുവിളിയാണ്.
ശ്രീശാന്ത്
(അഡ്മിൻ, അടൂർ ബസ് പാസഞ്ചേഴ്സ് ഫോറം)
എം.എൽ.എയുടേത് വെറും പ്രഖ്യാപനങ്ങൾ മാത്രം.പ്രവൃത്തിയിലില്ല.കഴിഞ്ഞ ഗവ. കാലത്ത് പ്രതിപക്ഷ എം.എൽ. എ എന്ന പേരിൽ അവഗണിക്കുന്നു എന്നായിരുന്നു. ഇപ്പോൾ ഭരണപക്ഷത്തായിട്ട് അതിലേറെ കഷ്ടം. എത്ര നാൾ ഇങ്ങനെ ജനങ്ങളുടെ കണ്ണിൽ പൊടിയിടും.
ഏഴംകുളം അജു
(പറക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)