tipper
അനധികൃതമായി ചെറിയാനാട് റെയിൽവേ സ്‌റ്റേഷനു സമീപം മണ്ണെടുക്കാനെത്തിയ ടിപ്പർ ലോറികൾ നാട്ടുകാർ തടഞ്ഞപ്പോൾ

ചെങ്ങന്നൂർ: ചെറിയനാട് റെയിൽവെ സ്റ്റേഷന് സമീപം റെയിൽ പാതയോട് ചേർന്ന് അനധികൃതമായി വീണ്ടും മണ്ണെടുക്കാനുളള ശ്രമം നാട്ടുകാർ തടഞ്ഞു. ഇന്നലെ രാവിലെ 9.30നാണ് സംഭവം. റെയിൽവേ വികസനത്തിനെന്ന പേരിൽ കഴിഞ്ഞ നാലുമാസം മുൻപ് ഇവിടെനിന്നും വ്യാപകമായ തോതിൽ മണ്ണെടുപ്പ് നടത്തിയിരുന്നു. ഭൂമികുഴിച്ച് മണ്ണെടുത്ത് കടത്തിയതോടെ ഉറവകളിൽ നിന്നും വെളളം ഇറങ്ങി ഇവിടെ വെളളക്കെട്ട് രൂപപ്പെട്ടു. ഇതോടെ പ്രതിഷേധവുമായി നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തി മണ്ണെടുപ്പ് നിറുത്തിവെപ്പിച്ചു. തുടർന്നാണ് ഇന്നലെ വീണ്ടും മാഫിയാ സംഘം മണ്ണെടുപ്പിന് എത്തിയത്.രാവിലെ മണ്ണുമാന്തിയന്ത്രവും നിരവധി ടിപ്പർ ലോറികളുമായി എത്തിയ സംഘത്തെ പ്രദേശത്തെ പഞ്ചായത്ത് അംഗവും പരിസ്ഥിതി സംരക്ഷണ സമിതി പ്രവർത്തകനുമായ ഒ.ടി ജയമോഹനന്റെ നേതൃത്വത്തിലുളള നാട്ടുകാർ തടഞ്ഞു. തുടർന്ന് വില്ലേജ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തിയതോടെ സംഘം മടങ്ങി. എന്നാൽ സംഘത്തിനെതിരെ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല.അനധികൃതമായി പച്ചമണ്ണ് കടത്തുന്ന സംഘങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് വാർഡ് അംഗം ഒ.ടി മോഹനൻ ആവശ്യപ്പെട്ടു.