vartha

കൊടുമൺ: തുടർ പഠനം വഴിമുട്ടിയ ഒന്നാം റാങ്കുകാരി ശരണ്യയുടെ ആഗ്രഹം സാധിച്ചു നൽകുവാൻ ഗ്ലോബൽ അടൂർ ഫേസ്ബുക്ക് കൂട്ടായ്മ ഒരുങ്ങുന്നു. കേരള യൂണിവേഴ്സിറ്റിയുടെ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ ആദ്യറാങ്ക് നേടിയ തട്ട സ്വദേശിനിക്ക് തുടർ വിദ്യാഭ്യാസത്തിനായി സഹായം നൽകുവാനാണ് അടൂരിലെ നവമാദ്ധ്യമ കൂട്ടായ്മ ഗ്ലോബൽ അടൂർ മുന്നിട്ടിറങ്ങുന്നത്. കൂട്ടായ്മയിലെ അംഗങ്ങളുടെ സഹായത്തോടെ 1,10,500 രൂപയോളം സമാഹരിച്ചു. ശരണ്യയുടെ ദുരിതവാർത്ത മുമ്പ് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഗ്ലോബൽ അടൂർ ഫേസ്ബുക്ക് കൂട്ടായ്മയുടെ ജന്മദിനാഘോഷങ്ങളുടെ അനുബന്ധിച്ച് 12ന് ശരണ്യ പഠിച്ച അടൂർ അപ്ലൈഡ് സയൻസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ തുക കൈമാറും. പാറക്കൽ ഐ. എച്ച്.ഡി.പി കോളനിയിലാണ് ശരണ്യയുടെ വീട്. ഡോക്ടറാവുക എന്ന മോഹമുണ്ടായിരുന്നു ശരണ്യയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് എൻട്രൻസ് പരീക്ഷ എഴുതാൻ പോലും കഴിഞ്ഞിരുന്നില്ല. കൂലിപ്പണിക്കാരനായ അച്ഛന്റെ വരുമാനമാണ് ആകെയുള്ള ആശ്രയം. സഹോദരൻ എം.ബി.എ രണ്ടാം വർഷ വിദ്യാർത്ഥിയാണ്. ഒരു ജോലിയോടൊപ്പം പഠനം നടത്തി പി.എച്ച്.ഡി എടുക്കുക എന്നതാണ് ശരണ്യയുടെ ആഗ്രഹം. 2011 നവംബർ ആറിനാണ് ഗ്ളോബൽ അടൂർ ഫേസ്ബുക്ക് കൂട്ടായ്മ രൂപീകരിച്ചത്. ചികിത്സ,വിവാഹം, പ്രണയം തുടങ്ങിയ വിവിധ സന്ദർഭങ്ങളിൽ സഹായവുമായി അംഗങ്ങൾ ഒത്തുകൂടും. ഇതിനോടകം ഏകദേശം 15 ലക്ഷം രൂപയുടെ സഹായങ്ങൾ നൽകിയെന്ന് ഗ്ലോബൽ അടൂർ കൂട്ടായ്മയുടെ അഡ്മിൻമാരായ അടൂർ പ്രദീപ്, വിബി വർഗീസ് എന്നിവർ കേരളകൗമുദിയോട് പറഞ്ഞു.