05-circular

പത്തനംതിട്ട : കംഫർട്ട് സ്റ്റേഷനിലെ നാറ്റം, പൊടിപിടിച്ച കസേരകൾ, യഥാസമയം വൃത്തിയാക്കാത്ത വരാന്തകൾ നമ്മുടെ സർക്കാർ ഓഫീസുകളുടെ അവസ്ഥയാണിത്. മൂക്ക് ചുളിക്കാതെ കടന്നു ചെല്ലാൻ പറ്റുന്ന സർക്കാർ ഓഫീസുകൾ വിരളമാണ്. ഇതൊഴിവാക്കാൻ സംസ്ഥാന സർക്കാർ ഇറക്കിയ സർക്കുലറിനെ പറ്റി ഉന്നത ഉദ്യോഗസ്ഥർക്ക് പോലും അറിവില്ല.

ഏപ്രിൽ 24ന് പുറത്ത് വന്ന സർക്കുലറിൽ സർക്കാർ ഓഫീസുകളിൽ എത്തുന്ന പൊതുജനങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ നൽകണമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ കേരളത്തിലെ ഒരു സർക്കാർ ഓഫീസും ഇത് പ്രാവർത്തികമാക്കാൻ മുമ്പോട്ട് വന്നിട്ടില്ല.

കളക്ടറേറ്റ്, വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, കോടതി, പൊലീസ് സ്റ്റേഷൻ, ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിലെല്ലാം കുടിവെള്ളം, വാട്ടർ പ്യൂരിഫയർ, ഇരിക്കുവാനുള്ള സൗകര്യം, ഫാൻ, ടോയ്ലറ്റ് എന്നീ സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകണം. ഒരു ദിവസം കുറഞ്ഞത് മൂന്ന് തവണയെങ്കിലും ടോയ്ലറ്റ് വൃത്തിയാക്കണമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ സർക്കാർ ഓഫീസുകളിൽ പൊതുടോയ്ലറ്റുകൾ വൃത്തിയാക്കാൻ ജീവനക്കാരില്ല. എല്ലാ വിഭാഗക്കാരും അവരുടെ സ്ഥലം മാത്രം വൃത്തിയാക്കുകയാണ് പതിവ്. ഇത് കാരണം പൊതു ഇടങ്ങൾ മലിനമാകുകയാണ്. കുടുംബശ്രീ വഴി ഇതിനായുള്ള ജീവനക്കാരെ കണ്ടെത്താനും സർക്കുലറിൽ പറയുന്നുണ്ട്.

സർക്കുലറിലെ പ്രധാന കാര്യങ്ങൾ

1. ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യം ലഭ്യമാക്കണം

2. ടോയ്ലറ്റ് സൗകര്യം ഭിന്നശേഷിക്കാർക്ക് കൂടി ഉപയോഗിക്കാവുന്ന രീതിയിലാവണം

3. സർക്കാർ ഓഫീസുകളിൽ ഏജൻസികൾക്ക് നൽകിയിരിക്കുന്ന ജോലികൾ കാര്യക്ഷമമായി നടക്കുന്നുണ്ടെയെന്ന് പരിശോധിക്കണം

4. കൃത്യമായി ഇത് നടപ്പാകുന്നുണ്ടോയെന്ന് പരിശോധിക്കാൻ രണ്ട് ഓഫീസർമാരെ ചുമതലപ്പെടുത്തണം.

പത്തനംതിട്ട സിവിൽ സ്റ്റേഷനിൽ എപ്പോ വന്നാലും മൂക്ക് പൊത്തിവേണം നടക്കാൻ. ശ്വാസം മുട്ടലുള്ളവർക്ക് വലിയ ബുദ്ധിമുട്ടാ. ഇതൊക്കെ എന്ന് നന്നാകുമെന്നാ കരുതുക. ഒരു തുള്ളി വെള്ളം ഇവിടിരുന്ന് കുടിക്കാൻ പറ്റില്ല.

മല്ലിക രാജൻ, മലയാലപ്പുഴ

(സിവിൽ സ്റ്റേഷനിലെത്തിയ യുവതി)

"സർക്കുലറിനെ പറ്റി പരിശോധിച്ചിട്ട് പറയാം. വ്യക്തമായി എന്ത് സംഭവിച്ചു എന്ന് അറിയില്ല. "

എ.ഡി.എം പത്തനംതിട്ട