06-timber-depo
കല്ലേലി തടി ഡിപ്പോയിൽ കൂട്ടിയിട്ടിരിക്കുന്ന തേക്കുതടികൾ

കല്ലേലി: മദ്ധ്യ തിരുവിതാംകൂറിലെ പ്രധാന തടി ഡിപ്പോയായ കല്ലേലിയിൽ തേക്കുതടികൾ കുമിഞ്ഞ് കൂടുന്നു. ഉയർന്ന ഗുണനിലവാരമുള്ള തേക്കു തടികൾ ലഭിക്കുന്ന സംസ്ഥാനത്തെ പ്രധാന രണ്ട് തടിഡിപ്പോകളിലൊന്നാണ് കല്ലേലിയിലേത്. നിലമ്പൂർ കഴിഞ്ഞാൽ മികച്ച തേക്കുകൾ ലഭ്യമായ പ്രദേശമാണ് കോന്നി വനം ഡിവിഷൻ. ശബരിമല, തണ്ണീർമുക്കം, കണിച്ചുകുളങ്ങര ഉൾപ്പെടെയുള്ള സംസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങളിലേക്ക് കൊടിമര നിർമ്മാണത്തിന് തേക്കുമരങ്ങൾ കണ്ടെത്തിയത് ഈ വനമേഖലയിൽ നിന്നാണ്. പുനലൂർ ടിബർ സെയിൽസ് ഡിവിഷന്റെ കീഴിലുള്ള തടി ഡിപ്പോകളിൽ ഏറ്റവും വലുതാണ് കല്ലേലിയിലേത്. ആനത്താവളത്തിൽ വർഷങ്ങളായി പ്രവർത്തിച്ചു വന്ന ഡിപ്പോ ഇക്കോ ടൂറിസത്തിന്റെ ഭാഗമായി സൗകര്യങ്ങളൊരുക്കിയപ്പോൾ ഇവിടേക്ക് മാറ്റിയതാണ്. കോന്നി വനം ഡിവിഷനിലെ കോന്നി, മണ്ണാറപ്പാറ, നടുവത്തു മൂഴി, തുടങ്ങിയ റേഞ്ചുകളിലെ കൂപ്പുകളിൽ നിന്ന് തീർത്ത് വെട്ട് നടത്തി ലഭിക്കുന്ന തടികളാണ് ഇവിടെയെത്തിച്ച് ലേലം ചെയ്യുന്നത്.

ഇപ്പോൾ മാസത്തിലുള്ള തടി ലേലമില്ല

60 വർഷത്തിലേറെ പഴക്കമുള്ള തേക്ക് തോട്ടത്തിലെ മരങ്ങളാണ് മുറിക്കുന്നത്. ഇവയോടൊപ്പം മറ്റ് പാഴ്മരക്കളും മുറിച്ച് മാറ്റും. ഇവയെല്ലാം ലോട്ടുകളാക്കിയാണ് ലേലത്തിന് വച്ചിരുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് നിരവധിയാളുകൾ തടികൾ കണ്ട് ബോദ്ധ്യപ്പെട്ട് മുൻപ് ലേലത്തിൽ പങ്കെടുക്കുമായിരുന്നു. ഇ -ടെൻഡർ വന്നതോടെ 50000 മുതൽ രണ്ട് ലക്ഷം വരെയുള്ള ലേലത്തിന് വരുമാന സ്രോതസ് കാണിക്കണം. മാസത്തിൽ ആളുകളെത്തി തടി ലേലം ചെയ്തിരുന്ന പതിവ് മാറി.മുൻപ് തടി കണ്ട് ലേലം വിളിക്കുന്ന അവസ്ഥയ്ക്കും മാറ്റമുണ്ടായി. ഇ -ടെൻഡർ വന്നതോടെ ഉദ്യോഗസ്ഥർ നിശ്ഛയിക്കുന്ന അടിസ്ഥാന വിലയിൽ നിന്ന് വേണം ലേലം വിളിക്കാൻ.

ഒരുകോടി വരുമാനം ലഭിച്ചിരുന്നു

സംസ്ഥാനത്ത് ഉയർന്ന വിലയിൽ തേക്ക് തടികൾ ലേലത്തിൽ പോകുന്ന സ്ഥലം കൂടിയാണിത്.മുൻപ് ഇവിടെ നിന്നും മാസത്തിൽ ഒരു കോടി രൂപയിലേറെ ലഭിച്ചിരുന്നു. കോന്നി വനം ഡിവിഷന്റെ കീഴിലുള്ള തേക്കുതോട്ടങ്ങളിൽ തീർത്ത് വെട്ട് നടക്കുമ്പോൾ ഏറ്റവും കൂടുതൽ തടികളെത്തുന്നതും ഇവിടെയാണ്.

-വിവിധ യൂണിയനിലെ 40 തൊഴിലാളികൾ

വിവിധ യൂണിയനുകളിലായി 40 തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. ഇപ്പോൾ പണിക്കുറവാണ്.

(തൊഴിലാളികൾ)