ചെങ്ങന്നൂർ: നിയോജകമണ്ഡലത്തെ തരിശുരഹിതമാക്കാൻ ചെങ്ങന്നൂരിൽ സമൃദ്ധി പദ്ധതി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ജനപ്രതിനിധികളുടെയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടേയും പാടശേഖര സമിതി ഭാരവാഹികളുടെയും സംയുക്തയോഗം സജി ചെറിയാൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ഇതിന്റെ ഭാഗമായി തരിശായിട്ടുള്ള 750 ഹെക്ടർ പാടശേഖരങ്ങളിൽ 350 ഹെക്ടർ സ്ഥലത്ത് കൃഷി ഇറക്കാൻ യോഗം തീരുമാനിച്ചു. പാടശേഖര സമിതികളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത് സംബന്ധിച്ച് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാറിന് എം.എൽ.എ നൽകിയ 62കോടി രൂപയുടെ പദ്ധതിയുടെ അടിസ്ഥാനത്തിൽ കൃഷി വകുപ്പിൽ നിന്നും ആദ്യഘട്ടമായി അനുവദിച്ച 10കോടി രൂപ വിനിയോഗിച്ച് പാടശേഖരങ്ങൾക്ക് പമ്പ് സെറ്റുകൾ,പമ്പ് ഹൗസുകൾ, ട്രാക്ടർ റാമ്പുകൾ,പെട്ടിയും പറയും,എൻജിൻതറ എന്നിവ സ്ഥാപിക്കുവാനും നീർച്ചാലുകൾ ആഴം കൂട്ടുവാനുംയോഗം തീരുമാനിച്ചു. യോഗത്തിൽ ചെങ്ങന്നൂർബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.വിവേക്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ടി ശൈലജ, ശിവൻകുട്ടി ഐലാരത്തിൽ, രശ്മി രവീന്ദ്രൻ, പ്രമോദ് കണ്ണാടിശേരി, കെ.കെ.രാധമ്മ, കൃഷി അസി ഡയറക്ടർ വി.എം സീന, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ഷൈനി ലൂക്കോസ്, അസിസ്റ്റന്റ് എൻജിനിയർ സൂരജ്,കൃഷി ഓഫീസർമാർ, പാടശേഖര സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.