പത്തനംതിട്ട: ജില്ലയിൽ ഹെറിറ്റേജ് ടൂറിസം സർക്യൂട്ട് നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആറന്മുള കണ്ണാടി, വള്ളസദ്യ, പടയണി തുടങ്ങി നിരവധി പ്രത്യേകതകൾ ഉള്ള ജില്ലയാണ് പത്തനംതിട്ടയെന്നും അദ്ദേഹം പറഞ്ഞു. വീണാജോർജിന്റെ സബ് മിഷന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. പത്തനംതിട്ട ജില്ലയിലെ പൈതൃക ഗ്രാമങ്ങളും, ആറന്മുള കണ്ണാടി ഉൾപ്പെടെയുള്ള കരകൗശലപാരമ്പര്യവും, മഹാത്മജി സന്ദർശിച്ച സ്ഥലങ്ങളും, മണ്ണടി മ്യൂസിയവും പരമ്പരാഗതമായ മറ്റ് ആചാരങ്ങളും എല്ലാം സമന്വയിപ്പിച്ച് ജില്ലയിലെ പൈതൃക സ്മാരകങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള ഒരു ഹെറിറ്റേജ് ടൂറിസം സർക്യൂട്ട് നടപ്പിലാക്കുന്നതിനാണ് ആലോചിക്കുന്നതെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കി.
നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ കൊട്ടാരങ്ങളും ആരാധനാലയങ്ങളും കോട്ടകളും വ്യാപാര കേന്ദ്രങ്ങളും സംരക്ഷിച്ച് അത് നമ്മുടെ നാട് സന്ദർശിക്കുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ ടൂറിസം ഉൽപ്പന്നമായി മാർക്കറ്റ് ചെയ്യുന്ന നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നത്. കൊടുങ്ങല്ലൂർ ആസ്ഥാനമായ മുസിരിസ്, തലശ്ശേരി, ആലപ്പുഴ എന്നിങ്ങനെ മൂന്ന് പൈതൃക സംരക്ഷണ പദ്ധതികൾ ഇപ്പോൾ സംസ്ഥാനത്ത് നടപ്പാക്കി വരുന്നുണ്ട്. തലശ്ശേരി പൈതൃക പദ്ധതി വയനാട് ജില്ലയിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള നടപടിയും സ്വീകരിച്ചു വരുന്നു. കൂടാതെ കേരളത്തിലെ പ്രശസ്തമായ വ്യാപാര കേന്ദ്രങ്ങളായ മിഠായിതെരുവ്, ചാല എന്നിവിടങ്ങളിലും ഇത്തരം വികസന പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലും പരിസര പ്രദേശങ്ങളിലുമായി വ്യാപിച്ച് കിടക്കുന്ന പൈതൃക സമ്പത്ത് കോർത്തിണക്കി തിരുവിതാംകൂർ ഹെറിറ്റേജ് സർക്യൂട്ട് എന്ന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള നടപടിയും ഇതിനകം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.